ഒരു 'ലൗ ജിഹാദ്' കഥ കൂടി പൊളിഞ്ഞു; ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടി അബൂദബിയില്‍ പോയത് സ്വന്തം ഇഷ്ടപ്രകാരം
പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ട പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 'ലൗ ജിഹാദ്' ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പോയതെന്ന് പെണ്‍കുട്ടി അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിച്ചു. പെണ്‍കുട്ടി അബുദബിയിലേക്ക് പോയതിനെ തുടര്‍ന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന തരത്തില്‍ മലയാള പത്രങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
തന്നെ ആരും മത പരിവര്‍ത്തനത്തിന് ഇരയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബൂദബിയിലേക്ക് വന്നതെന്നും പെണ്‍കുട്ടി തന്നെ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ട പ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്.
ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല അബൂദബിയില്‍ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും, വിവാഹത്തിന്റെ ആവശ്യാര്‍ഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു.
അബൂദബിയില്‍ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.