ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസിന് മുമ്പ് ദേശീയ തല പരീക്ഷ: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക്‌സഭ പാസ്സാക്കി

പ്രാക്ടീസിങ് മേഖലയിലേക്ക് ഇറങ്ങുന്ന ഡോക്ടര്‍മാര്‍ ഇനി മുതല്‍ ദേശീയ തലത്തിലുള്ള അവസാനവര്‍ഷ പരീക്ഷയ്ക്കു ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്.

Update: 2019-07-29 16:26 GMT

ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ 'ഇന്‍സ്‌പെക്ടര്‍ രാജ്' അവസാനിപ്പിക്കുന്ന ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 2019 ലോക്‌സഭ പാസാക്കി.

പ്രാക്ടീസിങ് മേഖലയിലേക്ക് ഇറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് ഇനി മുതല്‍ ദേശീയ തലത്തിലുള്ള അവസാനവര്‍ഷ പരീക്ഷയ്ക്കു ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്. എംബിബിഎസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതിന്റെ മാര്‍ക്കാവും എംഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും പരിഗണിക്കുക.

ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50 ശതമാനം സീറ്റുകളില്‍ ഫീസിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിക്കും. പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും അന്തിമ തീരുമാനം കൈകൊള്ളാനുള്ള അധികാരം.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ സ്ഥാപിക്കണമെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു. ആയുഷ്, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായി അലോപ്പതി ചികില്‍സ നടത്താം എന്ന വ്യവസ്ഥ പ്രതിഷേധത്തെ തുടര്‍ന്ന് പുതിയ ബില്ലില്‍ നിന്ന് ഒഴിവാക്കി. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് നേരത്തേ ലോക്‌സഭ പാസ്സാക്കിയിരുന്നെങ്കിലും ലാപ്‌സായിരുന്നു. രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കാമെന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍, സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതാണെന്ന് ആരോപിച്ച പ്രതിപക്ഷം ബില്ലിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.മെഡിക്കല്‍ കോളജുകളുടെ ഫീസുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് കേന്ദ്രശ്രമമെന്ന പ്രതിപക്ഷ ആരോപണം ആരോഗ്യമന്ത്രി തള്ളി. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കില്ലെന്നും, മെഡിക്കല്‍ കോളേജുകളുമായി സംസ്ഥാനങ്ങള്‍ക്ക് ധാരണയിലെത്താനാകുമെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

Tags:    

Similar News