രാഹുല്‍ ദക്ഷിണേന്ത്യയില്‍ ജനവിധി തേടും? മല്‍സരിക്കുന്ന കാര്യത്തില്‍ പ്രിയങ്കയ്ക്ക് തീരുമാനിക്കാം

ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ഉടന്‍ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് തീരുമാനിക്കാമെന്നും രാഹുല്‍ പറഞ്ഞു.

Update: 2019-03-29 15:53 GMT

ന്യൂഡല്‍ഹി: അമേത്തിക്ക് പുറമെ മറ്റൊരു മണ്ഡലത്തിലും മല്‍സരിക്കുമെന്ന റിപോര്‍ട്ടുകള്‍ തള്ളാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാമത്തെ സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നി സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും അടുപ്പത്തിനും നന്ദി പ്രകടിപ്പിക്കുന്നതായും രാഹുല്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് ഉടന്‍ തീരുമാനമെടുക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയ്ക്ക് തീരുമാനിക്കാമെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി അടക്കുള്ളവര്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. അത് വേണമെങ്കില്‍ കോണ്‍ഗ്രസിനും ആവര്‍ത്തിക്കാം. രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് കൊണ്ട് യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നും, ജനപിന്തുണയാണ് പ്രധാന വിഷയമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലോ കര്‍ണാടകത്തിലോ രണ്ടാമത്തെ സീറ്റില്‍ മത്സരിക്കണമെന്നാണ് ഇരുസംസ്ഥാനങ്ങളിലെയും പാര്‍ട്ടി യൂണിറ്റുകള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം തളളാതെയാണ് തന്റെ കര്‍മ്മഭൂമി അമേത്തിയാണ് എന്ന് രാഹുല്‍ പറഞ്ഞത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന് തീരുമാനമെടുക്കേണ്ടത് പ്രിയങ്കയാണെന്ന് സഹോദരി മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം ഇപ്പോഴും തുടരുകയാണ്. നിലവില്‍ ഇതുവരെ 300 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായും രാഹുല്‍ പറഞ്ഞു.

മുതിര്‍ന്ന പ്രവര്‍ത്തകരും യുവത്വവും പാര്‍ട്ടിക്ക് ആവശ്യമാണ്. ഇരു വിഭാഗവും പാര്‍ട്ടിക്ക് അനിവാര്യമാണ് എന്ന് ചിന്തിക്കുന്ന ആളാണ് താനെന്നും രാഹുല്‍ പറഞ്ഞു.

Tags:    

Similar News