ലോക്ക് ഡൗണ്‍ ലംഘനത്തിനു പ്രാകൃതശിക്ഷ; കണ്ണൂര്‍ എസ് പിക്കെതിരേ മുഖ്യമന്ത്രി

അതേസമയം, നടപടിയെ ന്യായീകരിച്ച് എസ് പി യതീശ് ചന്ദ്ര സ്വകാര്യചാനലിലൂടെ രംഗത്തെത്തി.

Update: 2020-03-28 13:25 GMT

കണ്ണൂര്‍: കൊവിഡ് ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ പ്രാകൃത ശിക്ഷയ്ക്കു വിധേയമാക്കിയ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി യതീശ് ചന്ദ്രയുടെ നടപടിക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. അഴീക്കലില്‍ ഒരു കടയ്ക്കു മുന്നില്‍ വച്ച് മൂന്നുപേരെ പരസ്യമായി ഏത്തമിടീച്ച നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്. സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും വിശദീകരണം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റിപോര്‍ട്ട് ലഭിച്ചാല്‍ ആവശ്യമായ നടപടിയെടുക്കും. പൊതുവെ പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്ന പോലിസ് നടപടിക്ക് ജനസമ്മിതിയുണ്ട്. അതിന് കളങ്കമുണ്ടാക്കുന്ന നടപടി തുടരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന് ചേരാത്ത നടപടിയാണ് നടന്നത്. ഇതുവരെയുള്ള സംഭവത്തിലൊന്നും റിപോര്‍ട്ട് തേടിയിട്ടില്ല. റിപോര്‍ട്ട് വന്ന ശേഷം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  


    കൊറോണ നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയെന്നു പറഞ്ഞാണ് വാഹനത്തിലെത്തിയ എസ് പി യതീശ് ചന്ദ്രയും മൂന്നോളം പോലിസുകാരും ചുറ്റിലും നിലയുറപ്പിച്ച് മൂന്നുപേരെ ഏത്തമിടീച്ചത്. കടയ്ക്കു മുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാകൃത ശിക്ഷയ്‌ക്കെതിരേ പ്രതികരിക്കുന്നുണ്ടെങ്കിലും ചേച്ചീ വക്കാലത്ത് പറയേണ്ട, പ്ലീസ്, നിങ്ങളും വന്ന് ചെയ്‌തോ എന്നും പോലിസുകാര്‍ പറയുന്നുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പത്രങ്ങളും എല്ലാം പറഞ്ഞിട്ടും പുറത്തിറങ്ങുന്നതിനാലാണ് നടപടിയെന്നും നല്ലവണ്ണം മുട്ട് മടക്കി ഏത്തമിടൂവെന്ന് ജില്ലാ പോലിസ് മേധാവി ആവര്‍ത്തിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ, ഡിജിപി വിശദീകരണം തേടിയിരുന്നു. അതേസമയം, നടപടിയെ ന്യായീകരിച്ച് എസ് പി യതീശ് ചന്ദ്ര സ്വകാര്യചാനലിലൂടെ രംഗത്തെത്തി. ആളുകള്‍ പറഞ്ഞത് കേള്‍ക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അടിക്കാന്‍ പറ്റാത്തതിനാലാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നുമായിരുന്നു യതീശ് ചന്ദ്രയുടെ മറുപടി.

    ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പോലിസ് തേര്‍വാഴ്ച നടക്കുന്നുവെന്ന വ്യാപക ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക് നാഥ് ബെഹ്‌റയും പോലിസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതി ജസ്റ്റിസ് ഇക്കാര്യത്തില്‍ ഡിജിപിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.




Tags:    

Similar News