ലോക്ക് ഡൗണ്‍: ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണം-എസ് ഡിപി ഐ

Update: 2020-03-24 18:16 GMT

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ഥിച്ചു. രോഗ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും ജനങ്ങള്‍ അനുസരിക്കണം. ആരോഗ്യ വകുപ്പുമായി സഹകരിച്ച് അനിവാര്യമായ സേവനങ്ങള്‍ക്ക് എസ്ഡിപിഐ വോളണ്ടിയര്‍മാര്‍ സജ്ജമാണ്. ലോക്ക് ഡൗണ്‍ അനിവാര്യമാക്കിയത് സര്‍ക്കാര്‍ അനാസ്ഥ മൂലമാണെന്ന് തന്നെ പറയേണ്ടതുണ്ട്. കൊറോണ വൈറസ് കേരളത്തിലെത്തിയത് വിദേശത്ത് നിന്നാണ്. കൊറോണ ഭീഷണി ശക്തമായ ശേഷമാണ് രോഗം സ്ഥിരീകരിക്കപ്പെട്ട പലരും സംസ്ഥാനത്തെത്തിയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഒരാളെയും വീട്ടിലേക്കയക്കാതെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ക്വാറന്റൈന്‍ ചെയ്യേണ്ടതായിരുന്നു.

    രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൊണ്ടുള്ള പഴുതടച്ച പ്രതിരോധ സംവിധാനം എയര്‍പോര്‍ട്ടുകളില്‍ ഉണ്ടായില്ല. ഇത്തരം വീഴ്ചകള്‍ തുടര്‍ന്ന് സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാവണം. ഈ സാഹചര്യത്തെ സമചിത്തതയോടെയും പരസ്പര സഹകരണത്തോടെയും നമുക്ക് നേരിടേണ്ടതുണ്ട്. ജോലിയില്ലാത്തത് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ടാവും. അവരെ കണ്ടറിഞ്ഞ് സഹായിക്കണം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കണം. എന്നാല്‍ മനസ്സുകള്‍ തമ്മില്‍ അടുപ്പം കൂടുകയാണ് വേണ്ടതെന്നും പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്താവനയില്‍ വ്യക്തമാക്കി.




Tags: