പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് അഭിഭാഷകരുടെ പ്രതിഷേധം

ഇതൊരു ഫാഷിസ്റ്റ് നിയമമാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന അഡ്വ. ബാലന്‍ പറഞ്ഞു

Update: 2019-12-14 06:30 GMT

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബില്ലിന്റെ കോപ്പി കത്തിച്ച് അഭിഭാഷകരുടെ പ്രതിഷേധം. അഡ്വ. മുഹമ്മദ് താഹിറിന്റെ നേതൃത്വത്തിലാണ് ഒരുകൂട്ടം അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് വിധാന സൗധയ്ക്കു മുന്നില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം ലഭിക്കുന്നതില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കുന്നത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രവൃത്തിയാണിതെന്നു ഈ രാജ്യം അമുസ്‌ലിംകള്‍ക്കായി മാത്രമുള്ളതായി മാറുകയാണെന്നും അഡ്വ. മുഹമ്മദ് താഹിര്‍ പറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ രാജ്യത്ത് മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല. ഈ നിയമം സുപ്രിംകോടതി നിരസിക്കുമെന്നാണു കരുതുന്നത്. ഇതിനെതിരേ തെരുവുകളില്‍ പോരാട്ടം നടത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. നിയമത്തിനു പിന്നിലെ ഭിന്നിപ്പിക്കല്‍ ഉദ്ദേശ്യം ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം. ഭരണഘടനാ വിരുദ്ധമായ 'ഹിന്ദു രാഷ്ട്ര' അജണ്ടയാണ് ആര്‍എസ്എസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭരണഘടന മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ വ്യക്തമായി സൂചിപ്പിക്കുന്നത്. ഇതൊരു ഫാഷിസ്റ്റ് നിയമമാണെന്നും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന അഡ്വ. ബാലന്‍ പറഞ്ഞു.




Tags:    

Similar News