ഇസ്രായേലിനെതിരെ പ്രതിഷേധിച്ച ഗൂഗ്ള്‍ എന്‍ജിനീയറെ പിരിച്ചുവിട്ടു

Update: 2024-03-09 06:30 GMT

ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പരസ്യമായി പ്രതിഷേധിച്ച യുവ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെ ഗൂഗ്ള്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ഇസ്രായേലി ടെക് ഇവന്റ് തടസ്സപ്പെടുത്തിയ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറെയാണ് പുറത്താക്കിയത്. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഇസ്രായേല്‍ ടെക് കോണ്‍ഫറന്‍സിലാണ് ഗൂഗ്ള്‍ ഇസ്രായേല്‍ മാനേജിങ് ഡയറക്ടര്‍ ബറാക് റെഗേവിന്റെ പ്രസംഗം ജീവനക്കാര്‍ തടസപ്പെടുത്തിയത്. ഇസ്രായേല്‍ ഭരണകൂടത്തിനും സൈന്യത്തിനും ക്ലൗഡ് സര്‍വിസ് ലഭ്യമാക്കാനായി പ്രോജക്ട് നിംബസ് എന്ന പേരില്‍ 1.2 ശതകോടി ഡോളറിന്റെ കരാറില്‍ ഗൂഗ്ള്‍ 2021ല്‍ ഏര്‍പ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ബറാക് റെഗേവ് വിശദീകരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. പ്രോജക്ട് നിംബസ് വഴി ഫലസ്തീനികളെ കൂടുതല്‍ നിരീക്ഷിക്കാനും നിയമവിരുദ്ധമായ ഡാറ്റ ശേഖരണത്തിനും ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റങ്ങള്‍ വിപുലീകരിക്കാനും സാധിക്കുമെന്ന് 'ഗാര്‍ഡിയന്‍' ചൂണ്ടിക്കാട്ടിയിരുന്നു.

    'ഞാന്‍ ഗൂഗിള്‍ ക്ലൗഡ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. വംശഹത്യ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യ നിര്‍മ്മിക്കാന്‍ എനിക്ക് സമ്മതമല്ല' എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് കോണ്‍ഫറന്‍സില്‍ ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ പ്രതിഷേധിച്ചത്. പിന്നാലെ, മറ്റൊരു ജീവനക്കാരിയും ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്തേക്ക് കൊണ്ടുപോയി. 2017 മുതല്‍ ഗൂഗ്‌ളിന്റെ ഇസ്രായേല്‍ മാനേജിങ് ഡയറക്ടറാണ് ബറാക് റെഗേവ്. ഇസ്രായേലിന്റെ നിര്‍മിത ബുദ്ധി (എഐ) വ്യവസായത്തെ കുറിച്ചാണ് റെഗേവ് പ്രഭാഷണം നടത്തിയത്. ഗസ ആക്രമണത്തിന് ഇസ്രായേല്‍ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

    ഗൂഗ്ള്‍ പ്രതികാര നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് 'നോ ടെക് ഫോര്‍ അപാര്‍ത്തീഡ്' എന്ന സന്നദ്ധ സംഘടന ആരോപിച്ചു. വംശഹത്യയില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതിന് പുറത്താക്കപ്പെട്ടതില്‍ പിരിച്ചുവിടപ്പെട്ടയാള്‍ അഭിമാനിക്കുന്നതായി സംഘടന എക്‌സ് പോസ്റ്റില്‍ പറയുന്നു.

Tags:    

Similar News