ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്നറിയാം

നിലവില്‍ 20 മണ്ഡലങ്ങളിലായി 242 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു.

Update: 2019-04-08 04:28 GMT

കോഴിക്കോട്: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. നിലവില്‍ 20 മണ്ഡലങ്ങളിലായി 242 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് സൂഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചത്. 303 പത്രികകള്‍ ലഭ്യമായതില്‍ ഡമ്മികളുള്‍പ്പെടെ 61 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ മല്‍സര ചിത്രം മനസിലാക്കാന്‍ സാധിക്കും. ഇതോടെ മണ്ഡലങ്ങളിലെ പ്രചരണരംഗം കൂടുതല്‍ ചൂട് പിടിക്കും.

22 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലം. 21 പേര്‍ ആറ്റിങ്ങലില്‍ മല്‍സരിക്കുന്നു. ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ ഏഴ് പേര്‍ വീതം മല്‍സരിക്കുന്ന പത്തനംതിട്ടയും ആലത്തൂരുമാണ്. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ആകെ 2,61,46,853 വോട്ടര്‍മാരാണ് ഉള്ളത്.

ഇതില്‍ 2230 വോട്ടര്‍മാര്‍ 100 വയസിന് മുകളിലുള്ളവരാണ്. 5,50,000 യുവവോട്ടര്‍മാരാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 60,469 വോട്ടര്‍മാര്‍. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടര്‍മാര്‍. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരില്‍ 32,241 യുവവോട്ടര്‍മാരുണ്ട്. തൃശൂരും തിരുവനന്തപുരവും തൊട്ടു പിന്നാലെയുണ്ട്.

173 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 19 പേരും 18നും 19നും ഇടയിലുള്ളവരാണ്. അടുത്ത മാസം 23നാണ് ഫലപ്രഖ്യാപനം.

Tags:    

Similar News