തിരുവനന്തപുരത്തെ പ്രചാരണത്തിലെ മെല്ലെപ്പോക്ക്; ഇന്ന് പ്രത്യേക യോഗം, എഐസിസി ജനറല്‍ സെക്രട്ടറി പങ്കെടുക്കും

രാവിലെ കെപിസിസി ആസ്ഥാനത്താണ് യോഗം. എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ഇതിന് പുറമെ മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കോ- ഓഡിനേഷനും കമ്മിറ്റിയും ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും.

Update: 2019-04-14 01:48 GMT

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മല്‍സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരും. രാവിലെ കെപിസിസി ആസ്ഥാനത്താണ് യോഗം. എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുക്കും. തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. ഇതിന് പുറമെ മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കോ- ഓഡിനേഷനും കമ്മിറ്റിയും ചേരും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും.

സാധ്യമാവുന്ന നേതാക്കളോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിന്റെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയെന്നതാണ് പ്രധാന അജണ്ട. തിരുവനന്തപുരത്തിന് പുറമെ മറ്റ് മണ്ഡലങ്ങളിലെയും പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും. വീഴ്ചകള്‍ പരിഹരിക്കാനുള്ള നിര്‍ദേശവുമുണ്ടാവും. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്കെതിരേ മല്‍സരിച്ച കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയെ ആണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടത്തിനായി ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്. മുന്‍ ആര്‍എസ്എസ് നേതാവ് കൂടിയായ നാനാ പട്ടോളെയ്ക്ക് ആര്‍എസ്എസ് തന്ത്രങ്ങള്‍ക്ക് മറുതന്ത്രങ്ങള്‍ മെനയാന്‍ കഴിയുമെന്നതിനാലാണ് തിരുവനന്തപുരത്തെ പ്രചാരണങ്ങളുടെ ചുക്കാന്‍ ഏല്‍പിച്ചത്. അടുത്തദിവസംതന്നെ നാനാ പട്ടോള തിരുവനന്തപുരത്തെത്തും.

മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്കാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായത്. എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ബൂത്തുതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, നോട്ടീസ് വിതരണം എന്നിവ വേഗത്തിലാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേതാക്കള്‍ സജീവമല്ലെന്ന് കാണിച്ച് തരൂര്‍ ക്യാംപ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലയിലെ നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെല്ലെപ്പോക്കിന് പിന്നില്‍ വി എസ് ശിവകുമാര്‍ എംഎല്‍എയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച സജീവമായിരുന്നു. ഇത് നിഷേധിച്ച വി എസ് ശിവകുമാര്‍, തനിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. അതിനിടെ ശിവകുമാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കല്ലിയൂര്‍ മുരളിയുടെ വീടിന്റെ മതിലില്‍ വരച്ച കൈപ്പത്തി ചിഹ്‌നം മായ്ച്ച് താമര വരച്ചുചേര്‍ക്കുകയും ചെയ്തു.

ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഇനി കോണ്‍ഗ്രസില്‍ നിന്നിട്ടുകാര്യമില്ലെന്നുമായിരുന്നു കല്ലിയൂര്‍ മുരളിയുടെ നിലപാട്. അതേസമയം, തരൂരിന്റെ പരാതി സ്ഥിരീകരിക്കുന്ന തരത്തില്‍ തിരുവനന്തപുരത്ത് പ്രചാരണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി പ്രതികരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി. തരൂരിന്റെ പ്രചാരണപരിപാടികളില്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. എന്നാല്‍, മുല്ലപ്പള്ളിയെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയതോടെ മുല്ലപ്പള്ളി മലക്കംമറിഞ്ഞു. ആരോപണത്തിന് പിന്നില്‍ പരാജയഭീതി പൂണ്ട ബിജെപി കേന്ദ്രങ്ങളാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണം. പിന്നീട് ഇത് ശരിവച്ച് മുല്ലപ്പള്ളി രംഗത്തെത്തുകയും ചെയ്തു. 

Tags:    

Similar News