കുവൈത്തില്‍ ഗര്‍ഭണിയുടെ യാത്ര വിലക്കിയ സംഭവം: കൂടുതല്‍ നേതാക്കള്‍ ഇടപെടുന്നു

മുന്‍ഗണന പട്ടികയില്‍ ഇടം നേടുന്നതിനു അര്‍ഹരായിട്ടും മൂന്നാം തവണയും തങ്ങളെ അവഗണിച്ചതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായാണു ദമ്പതികളുടെ യാത്ര മുടക്കിയത്.

Update: 2020-05-22 17:20 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ പ്രതികാര ബുദ്ധി മൂലം നാട്ടില്‍ പോക്ക് മുടങ്ങിയ കാസറഗോഡ് തൃക്കരിപ്പൂര്‍ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യക്കും പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. ഇവരുടെ യാത്രക്ക് സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ഇന്ത്യന്‍ സ്ഥാനപതി കെ ജീവ സാഗറിനു കത്തയച്ചു. വിഷയത്തില്‍ ഇടപെട്ടു കൊണ്ട് കഴിഞ്ഞ ദിവസം കാസറഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിക്ക് കത്ത് അയച്ചിരുന്നു. ഇതിനു പുറമെ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ്, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവരും കുടുംബത്തിനു ആശ്വാസമായി ഇടപെടല്‍ നടത്തിയിരുന്നു.

മുന്‍ഗണന പട്ടികയില്‍ ഇടം നേടുന്നതിനു അര്‍ഹരായിട്ടും മൂന്നാം തവണയും തങ്ങളെ അവഗണിച്ചതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായാണു ദമ്പതികളുടെ യാത്ര മുടക്കിയത്. യാത്ര മുടക്കിയതോടൊപ്പം ഇവരുടെ എംബസി രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. വന്ദേ ഭാരത് മിഷന്റെ തിരുവനന്തപുരം വിമാനത്തില്‍ പത്തോളം സീറ്റുകള്‍ ഒഴിവ് ഉണ്ടായിട്ടും നാലാം തവണയും ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മടക്കി അയച്ച സംഭവം പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കരണമായിരുന്നു. ഇതേ തുടര്‍ന്ന് കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകരായ നസീര്‍ പാലക്കാട്, മുന്നു സിയാദ് എം കെ, ഷബീര്‍ കൊയിലാണ്ടി എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയും നാട്ടില്‍ നേതാക്കളെ വിളിച്ച് വിവരം ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു കൂടുതല്‍ നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

Tags: