രാജ്യത്തെ 10 സ്ഥലങ്ങള്‍ അതീവസുരക്ഷാ മേഖല; പട്ടികയില്‍ കൊച്ചിയും

Update: 2023-02-18 09:34 GMT

ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. ആറ് സംസ്ഥാനങ്ങളും അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പത്ത് സ്ഥലങ്ങള്‍ അതീവസുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കുണ്ടന്നൂര്‍ മുതല്‍ എംജി റോഡ് വരെയുള്ള പ്രദേശമാണ് കൊച്ചിയില്‍ അതീവസുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൈന്യവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുള്ള സ്ഥലങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്‌റ്റോറേജ് ഒയാല്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല. ഇത്തരം പ്രദേശങ്ങള്‍ കര്‍ശനമായ നിയന്ത്രണങ്ങളുടെ കീഴിലായിരിക്കുമെന്നാണ് കരുതുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ സുരക്ഷാ നിയമവും ഒഫീഷ്യല്‍ സീക്രട്ട് ആക്ടും ബാധകമാണ്. പ്രദേശത്ത് പൊതുജനങ്ങളുടെ പ്രവേശനത്തിനടക്കം നിയന്ത്രണമുണ്ടാവും.

പ്രതിഷേധങ്ങള്‍ക്കും ചില സ്ഥാപനങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമടക്കം നിയന്ത്രണമേര്‍പ്പെടുത്തും. ഇതുകൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ രണ്ട് മേഖലകള്‍ വീതവും തെലങ്കാന, ഛത്തീസ്ഗഢ്, അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഓരോ മേഖലകളുമടക്കം പത്ത് പ്രദേശങ്ങളാണ് മന്ത്രാലയം അതീവസുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നത് തടയാനാണ് പ്രഖ്യാപനം.

Tags:    

Similar News