കൊലപാതക രാഷ്ട്രീയത്തിനെതിരേ മിന്നും പ്രതികാരവുമായി കെ കെ രമ നിയമസഭയിലേക്ക്

ടി പി കൊല്ലപ്പെട്ടിട്ട് ഒമ്പതു വര്‍ഷം തികയുമ്പോഴാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മധുരപ്രതികാരം തീര്‍ത്ത് കെ കെ രമ വിജയതീരത്തേക്ക് എത്തുന്നത്.

Update: 2021-05-02 07:24 GMT

വടകര: രക്തസാക്ഷികളുടെ ഹൃദയരക്തംകൊണ്ട് ചെഞ്ചായമണിഞ്ഞ ഒഞ്ചിയത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം എഴുതിച്ചേര്‍ത്ത് സിപിഎമ്മിനാല്‍ അറുകൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ പത്‌നി കെ കെ രമ നിയമസഭയിലേക്ക്. ടി പി കൊല്ലപ്പെട്ടിട്ട് ഒമ്പതു വര്‍ഷം തികയുമ്പോഴാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മധുരപ്രതികാരം തീര്‍ത്ത് കെ കെ രമ വിജയതീരത്തേക്ക് എത്തുന്നത്. മണ്ഡല ചരിത്രത്തില്‍ നാളിതുവരെ ഇടതിനെയല്ലാതെ സ്വീകരിച്ച ചരിത്രമില്ലാത്ത വടകരുടെ ചുവന്ന മണ്ണ് കെ കെ രമയിലൂടേയും ആര്‍എംപിയിലൂടേയും യുഡിഎഫിന് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്ന് മുതല്‍ കൊലപാതക രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖരന്റെ ഭാര്യ തന്നെ നിയമസഭയിലേക്ക് ഉറപ്പിച്ചപ്പോള്‍ അത് സിപിഎമ്മിനേല്‍ക്കുന്ന രാഷ്ട്രീയ തിരിച്ചടി കൂടിയായി.

കൊലപാതക രാഷ്ട്രീയത്തിനെതിരായ താക്കീതെന്ന നിലയിലാണ് കെ കെ രമയുടെ സ്ഥാനാര്‍ഥിത്വം ചെയ്യപ്പെട്ടത്. മെയ് രണ്ടിന് ഫലം വരുമ്പോള്‍ അത് വടകരയില്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നായിരുന്നു കെ കെ രമ ആവര്‍ത്തിച്ച് വ്യക്തമാക്കിയത് അക്ഷരാര്‍ത്തത്തില്‍ ശരിവയ്ക്കുന്നതായിരുന്നു വടകരയിലെ വോട്ടിങ് കണക്കുകള്‍.

വോട്ടെണ്ണി തുടങ്ങിയ ആദ്യ മണിക്കൂറില്‍തന്നെ അവര്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു. നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനേക്കാള്‍ 7014 വോട്ടുകള്‍ അധികം നേടിയാണ് സിപിഎമ്മിന് കനത്ത ആഘാതം നല്‍കിയിരിക്കുന്നത്. സോഷ്യലിസ്റ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ എല്‍ജെഡി ചേര്‍ന്നതോടെ ഏറെ ആത്മവിശ്വാസത്തിലായിരുന്നു ഇടതു ക്യാംപ്. എന്നാല്‍ അപ്പുറത്ത് കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച ആര്‍എംപി യുഡിഎഫിന് ഒപ്പം ചേര്‍ന്നതാണ് ഏറെ ഗുണകരമായത്.

Tags:    

Similar News