ഉത്തരകൊറിയയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായി; വെളിപ്പെടുത്തലുമായി സഹോദരി

തളര്‍ച്ചയിലായിട്ടും ഉന്‍ ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയിരുന്നില്ലെന്നും കിമ്മിന്റെ സഹോദരി അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയിലൂടെ തന്നെയായിരുന്നു കിമ്മിന്റെ സഹോദരിയുടെ വെളിപ്പെടുത്തല്‍.

Update: 2022-08-12 01:45 GMT

പ്യോങ്‌യാങ്: അടുത്തിടെ രാജ്യമാകെ കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്ത് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നെന്ന വെളിപ്പെടുത്തലുമായി സഹോദരി. തളര്‍ച്ചയിലായിട്ടും ഉന്‍ ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയിരുന്നില്ലെന്നും കിമ്മിന്റെ സഹോദരി അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയിലൂടെ തന്നെയായിരുന്നു കിമ്മിന്റെ സഹോദരിയുടെ വെളിപ്പെടുത്തല്‍.

ഉത്തര കൊറിയയില്‍ കൊവിഡ് അതിവേഗം പടരുകയാണെന്ന് ദക്ഷിണ കൊറിയ വ്യാജ പ്രചാരണം നടത്തുകയാണെന്നും കിം യോങ് ജോങ് ആരോപിച്ചു.അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളിലാക്കി പറത്തിവിടുകയാണെന്നും ഇവര്‍ ആരോപിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും കൊണ്ടുവന്ന വസ്തുക്കളില്‍ നിന്നാണ് രാജ്യത്ത് കൊവിഡ് വൈറസ് എത്തിയതെന്നും ഇവര്‍ ആരോപിച്ചു.

രാജ്യത്തെ സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയാല്‍ വെറുതെയിരിക്കില്ലെന്നും കിം യോങ് ജോങ് ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി.ഉത്തര കൊറിയ പൂര്‍ണമായും കൊവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് സംസാരിക്കുകയായിരുന്നു കിം യോങ് ജോങ്. കൊവിഡ് കാലത്ത് കിം ജോങ് ഉന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവായിരുന്നു. കിമ്മിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ശസ്ത്രക്രിയയ്ക്കിടെ കിം മരിച്ചു എന്ന് പോലും വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം കിം വീണ്ടും പൊതുവേദിയിലെത്തിയതോടെ ഈ പ്രചാരണങ്ങള്‍ക്ക് അവസാനമായത്.

Tags:    

Similar News