ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്‌രിവാളിന്റെ ഭാര്യയും പട്ടികയില്‍

Update: 2024-04-26 07:03 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്തിലെ 40 താരപ്രചാരകരുടെ കൂട്ടത്തില്‍ ജയിലില്‍ കഴിയുന്ന നേതാക്കളും. മദ്യനയ അഴിമതി ആരോപണക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇതോടൊപ്പം ആദ്യമായി രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി താരപ്രചാരകരുടെ പട്ടികയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ വര്‍ഷം മെയില്‍ അറസ്റ്റിലായ സത്യേന്ദ്ര ജെയ്‌നും തിഹാര്‍ ജയിലിലാണ്. ഇവരെക്കൂടാതെ സഞ്ജയ് സിങ്, സൗരഭ് ഭരദ്വാജ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഗോപാല്‍ റായ്, അതിഷി, സന്ദീപ് പഥക് എന്നിവരെയും എഎപി ഗുജറാത്തില്‍ താര പ്രചാരകരായി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: