പ്രത്യേക അവകാശം റദ്ദാക്കല്‍; കശ്മീരില്‍ വെള്ളിയാഴ്ച വന്‍ പ്രതിഷേധത്തിന് ആഹ്വാനം

30 വര്‍ഷത്തോളമായി രൂക്ഷമായ പ്രക്ഷോഭങ്ങളിലും സൈനിക നടപടികളിലും അമ്പതിനായിരത്തിലധികം പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നീക്കം പ്രദേശത്ത് തിരിച്ചടിയുണ്ടാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Update: 2019-08-22 09:36 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിനു പ്രത്യേക അവകാശം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കശ്മീരില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആഹ്വാനം. നാളെ ജുമുഅയ്ക്കു ശേഷം നടത്തുന്ന ബഹുജന മാര്‍ച്ചില്‍ പങ്കാളികളാവണമെന്ന് കശ്മീരിലെ വിവിധ നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്വന്തം നിയമങ്ങള്‍ രൂപപ്പെടുത്താനുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം സര്‍ക്കാര്‍ റദ്ദാക്കുകയും മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവിടെ സ്വത്ത് വാങ്ങാന്‍ അനുവദിക്കുകയും ചെയ്തതിന് ശേഷമാണ് ഇത്തരത്തിലൊരു പ്രതിഷേധം. 30 വര്‍ഷത്തോളമായി രൂക്ഷമായ പ്രക്ഷോഭങ്ങളിലും സൈനിക നടപടികളിലും അമ്പതിനായിരത്തിലധികം പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ നീക്കം പ്രദേശത്ത് തിരിച്ചടിയുണ്ടാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഭരണഘടനയിലെ കശ്മീരിന്റെ പ്രത്യേക പദവികള്‍ റദ്ദാക്കുമെന്ന് ബിജെപി ദീര്‍ഘകാലമായി പ്രചാരണം നടത്തിയിരുന്നു. പ്രത്യേക പദവി മുസ്‌ലിംകളെ പ്രീതിപ്പെടുത്തുന്നതായും രാജ്യത്തിന്റെ വികസനത്തിന് തടസ്സമാണെന്നുമായിരുന്നു സംഘപരിവാര പ്രചാരണം.




Tags:    

Similar News