കശ്മീര്‍ പോസ്റ്റര്‍ രാജ്യദ്രോഹ കേസ്; വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിന്‍ഷാദിനും ഫാരിസിനും ജാമ്യം അനുവദിച്ചത്.

Update: 2019-02-26 08:47 GMT

മലപ്പുറം: ഗവണ്‍മെന്റ് കോളജില്‍ കശ്മീര്‍ വിഷയമുയര്‍ത്തി പോസ്റ്ററുകള്‍ പതിച്ചതിന് രാജ്യ ദ്രോഹ കേസ് ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. മലപ്പുറം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിന്‍ഷാദിനും ഫാരിസിനും ജാമ്യം അനുവദിച്ചത്.

ഫെബ്രുവരി 21നാണ് റിന്‍ഷാദിനെയും ഫാരിസിനെയും അറസ്റ്റ് ചെയ്തത്. സോളിഡാരിറ്റി വിത് കശ്മീര്‍ പീപ്പിള്‍, ആസാദി ഫോര്‍ കശ്മീര്‍, ഫ്രീഡം ഫോര്‍ കശ്മീര്‍, മണിപ്പൂര്‍, ഫലസ്തീന്‍ എന്നീ പോസ്റ്ററുകള്‍ രാജ്യദ്രോഹപരമാണെന്ന് കാണിച്ച് കോളജ് പ്രിന്‍സിപ്പല്‍ മായ നല്‍കിയ പരാതിയിലാണ് പോലിസ് നടപടി.

പുല്‍വാമ ആക്രമണത്തിനു ശേഷം ഇന്ത്യയില്‍ വ്യാപകമായി, വിശേഷിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കശ്മീരികള്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരേയാണ് റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ റിന്‍ഷാദും ഫാരിസും അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമറിയിച്ചുകൊണ്ട് പോസ്റ്റര്‍ പതിച്ചത്.

അതേസമയം, കോളജില്‍ പതിച്ച പോസ്റ്ററുകള്‍ തങ്ങള്‍ എഴുതിയതല്ലെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കവെ ഇരുവരും മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു. പോസ്റ്ററിലെ കയ്യക്ഷരം പരിശോധിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News