ഭീകരവാദം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍

ദാല്‍ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിച്ച എംപിമാരുടെ സംഘം സൈനിക ഓഫീസര്‍മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

Update: 2019-10-30 10:28 GMT

ശ്രീനഗര്‍: സമാധാനത്തിനും ഭീകരവാദം അവസാനിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ യൂറോപ്യന്‍ യൂണിയന്‍ എംപിമാര്‍. ശ്രീനഗറില്‍, ബുധനാഴ്ച രാവിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് എംപിമാരില്‍ ഒരാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക കശ്മീരി മാധ്യമങ്ങളുടെ പ്രതിനിധികളെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതാദ്യമായാണ് പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശ സംഘത്തിന് അനുമതി നല്‍കിയത്. ദാല്‍ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിച്ച എംപിമാരുടെ സംഘം സൈനിക ഓഫീസര്‍മാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഊഷ്മള സ്വീകരണം നല്‍കിയതിന് ഇന്ത്യന്‍ സര്‍ക്കാരിനും പ്രാദേശിക ഭരണകൂടത്തിനും നന്ദി അറിയിക്കുന്നതായും എംപിമാര്‍ പറഞ്ഞു.

അതേസമയം യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ പ്രതിപക്ഷത്തെയും സന്ദര്‍ശനത്തിന് അനുവദിക്കണമെന്ന് സംഘാംഗമായ നിക്കോളസ് ഫെസ്റ്റ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.

അതേസമയം കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍നിന്ന് തന്നെ ഒഴിവാക്കിയെന്ന ആരോപണവുമായി ബ്രിട്ടീഷ് പാര്‍ലിമെന്റംഗവും ലിബറല്‍ ഡെമോക്രാറ്റിക് പ്രതിനിധിയുമായ ക്രിസ് ഡേവിസ് രംഗത്ത് വന്നിരുന്നു. സുരക്ഷാ സേനയുടെ അകമ്പടിയില്ലാതെ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് ആവശ്യപ്പെട്ടതിനാൽ തന്നെ ഒഴിവാക്കി. എല്ലാം നന്നായി നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും ക്രിസ്‌ഡേവിസ് ആരോപിച്ചു. 

Tags:    

Similar News