കാസര്‍കോഡ് ഇന്ന് നിര്‍ണായകം; കൊറോണ ബാധിതനു നെഗറ്റീവെന്ന് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

Update: 2020-03-25 09:54 GMT

കാസര്‍കോഡ്: കൊവിഡ് 19 വൈറസ് ബാധിതന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെന്ന് പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഗോളിയടുക്ക പള്ളി ഇമാം കെ എസ് മുഹമ്മദ് അഷ്‌റഫിനെ ബദിയടുക്ക പോലിസ് അറസ്റ്റ് ചെയ്തത്. കൊറോണ രോഗ ബാധിതന്റെ പേര് ഉള്‍പ്പെടെ സന്ദേശത്തില്‍ പറയുന്നുണ്ട്. അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും അദ്ദേഹത്തെ കുറിച്ച് പറഞ്ഞതൊന്നും ശരിയല്ലെന്നുമായിരുന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഏരിയാല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

    അതിനിടെ, കാസര്‍കോഡ് ജില്ലയില്‍ ഇന്ന് സങ്കീര്‍ണ ദിനമാണെന്ന് ജില്ലാ കലക്ടര്‍ സജിത് ബാബു പറഞ്ഞു. 75 സാംപിളുകളാണ് ഇന്ന് മാത്രം പരിശോധനയ്ക്ക് അയച്ചത്. കൂടുതല്‍ ആളുകളില്‍ രോഗ ലക്ഷണം കാണുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇന്നത്തെ പരിശോധനാഫലം വരുമ്പോള്‍ അറിയാമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ ഒരാളുടെയും സന്നദ്ധ പ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യമില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ സന്നദ്ധ പ്രവര്‍ത്തനം നടത്തരുത്. ഇക്കാര്യം പറഞ്ഞ് ആരെങ്കിലും റോഡിലിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ പിഎച്ച്‌സികളില്‍ നിന്ന് റഫര്‍ ചെയ്യുന്ന രോഗികളുടെ സ്രവങ്ങള്‍ മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ശേഖരിക്കുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.




Tags:    

Similar News