വിദ്വേഷ പരാമര്‍ശം: കര്‍ണാടക മന്ത്രിക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Update: 2022-03-31 12:42 GMT

ബെംഗളൂരു: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരില്‍ കര്‍ണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരേ അന്വേഷണം നടത്താന്‍ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി കര്‍ണാടക പോലിസിനോട് ഉത്തരവിട്ടു.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലിസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ സ്വകാര്യ പരാതി നല്‍കിയത്.

28 വയസ്സുള്ള ബജ്‌റംഗ്ദള്‍ നേതാവ് ഹര്‍ഷയെ ഫെബ്രുവരിയിലാണ് ശിവമോഗയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അദ്ദേഹത്തിന്റെ മരണം ശിവമോഗയിലുടനീളം അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. അക്രമസംഭവങ്ങളും തീവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

കെ എസ് ഈശ്വരപ്പ എന്താണ് പറഞ്ഞത്?

ഹര്‍ഷയുടെ മരണത്തിന് ഒരു ദിവസം കഴിഞ്ഞ്, ഈശ്വരപ്പയുടെ നേതൃത്വത്തില്‍ നടന്ന ശവസംസ്‌കാര ഘോഷയാത്രയ്ക്കിടെ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ചിലര്‍ക്ക് പരിക്കേറ്റു. ഹര്‍ഷയുടെ ഘാതകര്‍ മുസ് ലിംകളാണെന്നും ശിവമോഗയില്‍ ഇത്തരം ഗുണ്ടായിസം അനുവദിക്കില്ലെന്നുമായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ച് ഈശ്വരപ്പ പറഞ്ഞത്. പോലിസ് അന്വേഷണം നടത്തുന്നതിനിടെയാണ് കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിംകളാണെന്ന് ഇയാള്‍ തട്ടിവിട്ടത്.

എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പിന്നീട് അറസ്റ്റിലായി. കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമായിരുന്നുവെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.

Tags: