സംഘപരിവാര്‍ പ്രതിഷേധം; ഭട്കല്‍ മുന്‍സിപ്പല്‍ ഓഫിസ് ബോര്‍ഡില്‍ നിന്നും ഉറുദു അക്ഷരങ്ങള്‍ നീക്കം ചെയ്തു (വീഡിയോ)

Update: 2022-07-25 11:22 GMT

ഭട്കല്‍: ഹിന്ദുത്വ സംഘടനായ വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ ഭട്കല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫിസ് കെട്ടിടത്തിലെ ഉറുദുവിലുള്ള എഴുത്തുകള്‍ നീക്കം ചെയ്തു. കന്നട, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ നാമകരണം ചെയ്തിരുന്നത്. ഇതില്‍ ഉറുദു അക്ഷരങ്ങള്‍ മാത്രമാണ് നീക്കം ചെയ്തത്.

ബിജെപി അധികാരത്തിലേറിയതിന് ശേഷം മുസ് ലിം ചിഹ്നങ്ങള്‍ക്കും വിശ്വാസപരമായ കാര്യങ്ങള്‍ക്കും എതിരേ സംഘപരിവാര്‍ ആക്രമണം ശക്തമായിരുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ട് ഹിജാബ്, മസ്ജിദ്, നമസ്‌കാരം, കബറിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി സംഘപരിവാരും സംഘര്‍ഷത്തിന് ശ്രമിച്ചു. ഹിന്ദു ആഘോഷ സ്ഥലങ്ങളില്‍ മുസ് ലിം വ്യാപാരികളെ വിലക്കുന്നത് ഉള്‍പ്പടേയുള്ള നീക്കങ്ങളും നടന്നു. ഇതിന് തുടര്‍ച്ചയായാണ് ഉറുദു ഭാഷക്കെതിരായ സംഘപരിവാര്‍ നീക്കം. മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ നിന്ന് ഉറുദു അക്ഷരങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും മറ്റു സംഘപരിവാര്‍ അനുകൂല സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം ഭട്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന് നോട്ടിസ് നല്‍കുകയായിരുന്നു. ഉദ്യോഗസ്ഥരുടേയും പോലിസിന്റെ കാവലിലാണ് ഉറുദു അക്ഷരങ്ങള്‍ നീക്കിയത്. ഇംഗ്ലീഷ്, കന്നട എഴുത്തുകള്‍ മാത്രം നിലനിര്‍ത്തി.

Tags:    

Similar News