കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വി സിയുടെ പുനര്‍ നിയമനം:അപ്പീല്‍ തള്ളി ; നിയമനം ശരിവെച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

വി സി യായി നിയമനം നേടാന്‍ ഡോ.ഗോപിനാഥിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്

Update: 2022-02-23 06:00 GMT

കൊച്ചി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി.വി സി യായി നിയമനം നേടാന്‍ ഡോ.ഗോപിനാഥിന് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.

എന്നാല്‍ ഹരജി നിയമപരമായി നില നില്‍ക്കുന്നതല്ലെന്നും വി സി നിയമനത്തിന് കണ്ണൂര്‍ സര്‍വകലാശാല ആക്ടില്‍ പ്രായപരിധി നിര്‍ണയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ സിംഗിള്‍ ബെഞ്ച് പ്രായപരിധി സംബന്ധിച്ച മാനദണ്ഡം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നുും വ്യക്തമാക്കിയാണ് ഹരജി തള്ളിയിരുന്നത്.തുടര്‍ന്നാണ് ഹരജിക്കാര്‍ അപ്പീല്‍ ഹരജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.എന്നാല്‍ ഡിവിഷന്‍ ബെഞ്ചും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു.

2017 നവംബര്‍ മുതല്‍ 2021 നവംബര്‍ 22 വരെയായിരുന്നു കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ നിയമന കാലാവധി. എന്നാലിത് അടുത്ത 4 വര്‍ഷത്തേക്കു കൂടി പുനര്‍ നിയമനം നടത്തിയ നടപടിയാണ് കോടതിയില്‍ ചോദ്യം ചെയ്തത്. നിയമം മറികടന്നാണ് ഗോപിനാഥിന് പുനര്‍ നിയമനം നല്‍കിയതെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഇത്തരത്തിലുള്ള നിയമം യുജിസിയും അംഗീകരിക്കുന്നില്ലെന്നും ഹരജി ക്കാര്‍ വാദിച്ചിരുന്നു.

Tags: