കാഫിര്‍ പോസ്റ്റ്: പ്രതികള്‍ സിപിഎമ്മെന്ന് കണ്ടെത്തിയപ്പോള്‍ സംരക്ഷിക്കാന്‍ ശ്രമമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2024-08-15 07:14 GMT

തിരുവനന്തപുരം: സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് തട്ടാന്‍ സിപിഎം നടത്തിയ ശ്രമത്തില്‍ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ കേരളത്തില്‍ ഏറെ വിവാദമായ കാഫിര്‍ പോസ്റ്റ് സൃഷ്ടിച്ചതും പ്രചരിപ്പിച്ചതും സിപിഎം ആണെന്ന് വ്യക്തമായിരിക്കുന്നു. വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഎം നടത്തിയ ഹീനമായ തന്ത്രമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇതോടെ സിപിഎമ്മിന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. സമൂഹത്തില്‍ തെറ്റിദ്ധാരണയും വിദ്വേഷവും പ്രചരിപ്പിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ശൈലി കുറേ നാളുകളായി സിപിഎം തുടരുകയാണ്. 20 വര്‍ഷത്തിനുള്ളില്‍ കേരളം ഇസ് ലാമിക രാജ്യമാവുമെന്ന സംഘപരിവാര പ്രചാരണം വി എസ് അച്യുതാനന്ദന്റെ സൃഷ്ടിയാണ്. സിപിഎം നേതാക്കളായ വിജയരാഘവന്‍, പി മോഹനന്‍, കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ നാം മറന്നിട്ടില്ല. മദ്‌റസ അധ്യാപകരുടെ ശമ്പളം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സംഘപരിവാരം നുണക്കഥകള്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെ ആധികാരികമായി പ്രതിരോധിക്കേണ്ടതിനു പകരം സാമൂഹിക വിഭജനവും ധ്രുവീകരണവുമുണ്ടായാല്‍ അതിലൂടെ എത്ര വോട്ടുകള്‍ നേടാമെന്നായിരുന്നു സിപിഎം കണക്കുകൂട്ടിയത്. കാഫിര്‍ പോസ്റ്റ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതു കൊണ്ടുമാത്രമാണ് സത്യം പുറത്തുവന്നത്. എന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരും പോലിസും നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു.

Tags: