കെ റെയില്‍: സംസ്ഥാനത്ത് നടക്കുന്നത് മാവോവാദി മോഡല്‍ സമരം; ആരോപണവുമായി എം വി ജയരാജന്‍

Update: 2022-04-30 09:30 GMT

കണ്ണൂര്‍: കെ റെയിലിനെതിരേ സംസ്ഥാനത്ത് നടക്കുന്നത് മാവോവാദി മോഡല്‍ സമരമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പ്രതിഷേധത്തിന് പിന്നില്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ എന്ന ഉത്കണ്ഠയാണെന്നും അദ്ദേഹം ആരോപിച്ചു. കനത്ത പ്രതിഷേധത്തിനിടയില്‍ കെ റെയില്‍ സര്‍വേ കണ്ണൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് എം വി ജയരാജന്‍ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. കെ റെയില്‍ സര്‍വേക്കെതിരേ കണ്ണൂരില്‍ പലയിടത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്.

2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന ദേശീയ പാത, ജലപാത, ഗെയില്‍ പൈപ്പ് ലൈന്‍ വികസന പദ്ധതികള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കുകയും 2016ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. അതില്‍ അസാധ്യമെന്ന് കണ്ട പലതും നടപ്പാക്കി. അതുകൊണ്ടുതന്നെ ഇത്തരം ഒരു പദ്ധതിയും നടപ്പാക്കാനുള്ള ജനകീയ പിന്തുണ എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. ഈ പദ്ധതികളെല്ലാം നടപ്പാക്കി കഴിഞ്ഞാല്‍ വരാനിരിക്കുന്ന 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേക്ക് വന്നേക്കുമെന്ന ഉത്കണ്ഠയാണ് യുഡിഎഫിനെയും ബിജെപിയെയും എസ്ഡിപിഐയെയും ജമാഅത്ത് ഇസ്‌ലാമിയെയും ഇത്തരമൊരു അക്രമസമരത്തിന് പ്രേരിപ്പിക്കുന്നത്.

സമരം നടത്തിക്കൊട്ടേ. എന്നാല്‍, കല്ല് പിഴുതെടുക്കലും ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്നത് ഉള്‍പ്പെടെയുള്ള അക്രമസമരങ്ങള്‍ ഒഴിവാക്കണം. ഗാന്ധിയന്‍ സമരം നടത്തണമെന്നാണ് നേരത്തെ ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് മുഴുവന്‍ മാവോവാദി മോഡല്‍ സമരമാണെന്നും ജയരാജന്‍ പറഞ്ഞു. പദ്ധതിക്ക് എതിരെ പ്രതിഷേധക്കാര്‍ കുറ്റി പറിക്കല്‍ തുടര്‍ന്നാല്‍ മറ്റൊരു സര്‍വേ രീതി സ്വീകരിക്കേണ്ടിവരുമെന്ന് സമരക്കാര്‍ക്ക് ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. പദ്ധതിയുടെ ഭാഗമായി പാത പോവുന്ന വഴി അടയാളപ്പെടുത്തുക മാത്രമാണ് ഈ സര്‍വേ കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രതിഷേധം ആവര്‍ത്തിക്കുകയാണെങ്കില്‍ കല്ലിടല്‍ അല്ലാത്ത ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കണം. നേരിട്ട് കുറ്റിയിടുന്ന മാര്‍ഗങ്ങള്‍ അധികൃതര്‍ മാറ്റണം. അങ്ങനെ ഉണ്ടായാല്‍ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ. കല്ല് പിഴുതെറിഞ്ഞാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതേണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു. ഭൂമിയേറ്റെടുത്തു എന്ന് പറഞ്ഞാണ് കല്ല് പറിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വേ നടത്തിയാലും പ്രതിഷേധമുണ്ടാവില്ലെന്ന് പറയാനാവില്ല.

ഭൂവുടമകളുടെ ആശങ്ക പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം. ആ നഷ്ടപരിഹാരത്തില്‍ ഭൂ ഉടമകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ടെങ്കില്‍ പരിഹരിക്കണം. അതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. ഇപ്പോള്‍ സര്‍വേ മാത്രമാണ് നടക്കുന്നത്. എന്നാല്‍, ഭൂമി എടുത്തു എന്ന് തെറ്റിദ്ധരിപ്പിച്ച് കല്ല് പറിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: