ബ്രിട്ടീഷുകാരുടെ ഷൂവിനടിയില്‍ വിഷം പുരട്ടിയിരുന്നെങ്കില്‍ ആര്‍എസ്എസ് രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല: കെ മുരളീധരന്‍

ഹര്‍ത്താല്‍ നടത്തെരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ ഹര്‍ത്താല്‍ നടത്താറുണ്ട് ഓരോരുത്തരും അവരുടെ പ്രതിഷേധങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Update: 2019-12-16 18:19 GMT

കോഴിക്കോട്: ബ്രീട്ടിഷുകാരുടെ ഷൂവിനടിയില്‍ അല്‍പ്പം വിഷം പുരട്ടിയിരുന്നെങ്കില്‍ ഇന്ന് ആര്‍എസ്എസ് തന്നെ രാജ്യത്തുണ്ടാകില്ലായിരുന്നുവെന്ന് കെ മുരളീധരന്‍ എംപി. കഴിഞ്ഞ ആറുമാസമായി രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഏതെങ്കിലും മതങ്ങള്‍ നേരിടുന്ന വെല്ലുവിളിയല്ലെന്നും രാജ്യത്തെ മതേതരത്വം നേരിടുന്ന വെല്ലുവിളിയാണെന്നും എം പി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനെ തള്ളിക്കളയുക എന്ന ആഹ്വാനമുന്നയിച്ച് ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, എസ്‌ഐഒ എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ പ്രതിഷേധപ്പകല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതാധിഷ്ഠിത രാജ്യം എന്നത് ഇന്ത്യക്ക് ഒരിക്കലും ചേരാത്ത കുപ്പായമാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനായി ആദ്യം മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തുനിന്ന് പുറത്താക്കും. പിന്നെ ഹിന്ദുക്കളോട് നിങ്ങള്‍ പൂണൂലിട്ട ബ്രാഹ്മണരല്ലെന്ന് പറഞ്ഞ് ജാതിയില്‍ താഴ്ന്നവരെയെല്ലാം പുറത്താക്കും.

അത്തരം സവര്‍ണ ഫാഷിസമാണ് രാജ്യത്ത് അധികാരം കൈയാളുന്നത്. അതിന്റെ ആദ്യ വെടി കശ്മീരിന് നേരെയായിരുന്നു. കശ്മീരിനെതിരേയുള്ള ബില്ല് ഭൂരിപക്ഷത്തില്‍ ഇരു സഭകളും മറികടന്ന ധൈര്യത്തിലാണ് പൗരത്വ ബില്ലുമായി മുന്നോട്ട് വന്നത്. ഇനിയും മിണ്ടാതിരിക്കരുതെന്നും എതിര്‍ ശബ്ദങ്ങള്‍ ഒരുമിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പൗരത്വ ബില്‍ നടപ്പാക്കാത്തതിന്റെ പേരില്‍ കേരള സര്‍ക്കാറിനെ പിരിച്ചു വിടാന്‍ ശ്രമിച്ചാല്‍ അതിനെ ആദ്യം എതിര്‍ക്കുക കോണ്‍ഗ്രസായിരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. ഹര്‍ത്താല്‍ നടത്തെരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇവിടെ ഹര്‍ത്താല്‍ നടത്താറുണ്ട് ഓരോരുത്തരും അവരുടെ പ്രതിഷേധങ്ങളാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: