ദീപികയ്ക്ക് തന്നെ പോലെയൊരു ഉപദേശകനെ ആവശ്യമുണ്ട്: ബാബ രാംദേവ്

ജെഎന്‍യു കാംപസിൽ എത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണു ദീപിക പദുകോണ്‍ നേരിടുന്നത്.

Update: 2020-01-14 10:53 GMT

ഇന്‍ഡോര്‍: നടി ദീപിക പദുകോണിനെതിരേ വിമര്‍ശനവുമായി ബാബ രാംദേവ്. വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ദീപിക പദുകോണ്‍ രാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്നും അതിനായി തന്നെ പോലെയൊരു ഉപദേശകനെ ആവശ്യമുള്ളതായും ബാബ രാംദേവ് പറഞ്ഞു.

ജെഎന്‍യു കാംപസിൽ എത്തി വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് മുതല്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനമാണു ദീപിക പദുകോണ്‍ നേരിടുന്നത്. അതിനു പിന്നാലെയാണ് രാംദേവ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ശക്തമായ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് ദീപിക. ഇതിനിടയില്‍ ദീപികയുടെ പുതിയ ചിത്രമായ ഛപക് ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടത്തിയിരുന്നു. കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കം ദീപികയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

അതേസമയം ഇന്ത്യയില്‍ രണ്ട് കോടി ജനങ്ങൾ അനധികൃതമായി താമസിക്കുന്നതായി രാംദേവ് അവകാശപ്പെട്ടു.അനധികൃത പൗരന്മാരെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍സിയെ എതിര്‍ക്കുന്നവര്‍ അതിന് ബദല്‍ നിര്‍ദേശിക്കണം. അവര്‍ അതുമായി മുന്നോട്ട് വരണം, ഹിന്ദുത്വ ചിന്തകന്‍ വിഡി സവര്‍ക്കറിനെ പ്രശംസിച്ചും രാംദേവ് സംസാരിച്ചു. ഇന്‍ഡോറില്‍ വ്യവസായവുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയപ്പോഴായിരുന്നു രാം ദേവിന്റെ പ്രതികരണം.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആക്രമികള്‍ ജെഎന്‍യു കാംപസില്‍ അതിക്രമിച്ച് കയറി ആക്രമം അഴിച്ചു വിട്ടത്. ഇതിനെതിരേ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ദീപിക പദുകോണ്‍ എത്തിയിരുന്നു.

Tags: