ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണവും നീക്കണം: സിപിഎം

കശ്മീരില്‍ അടിച്ചമര്‍ത്തല്‍ തുടങ്ങി അഞ്ചുമാസം പിന്നിടുമ്പോഴും ഈ രാജ്യത്തെ രാഷ്ട്രീയനേതാക്കളെയും എംപിമാരെയും അവിടെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശനയതന്ത്രജ്ഞരുടെ സന്ദര്‍ശനം പാര്‍ലമെന്റിനോടുള്ള അവഹേളനമാണ്. സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-01-11 10:03 GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുകയും നിരോധനാജ്ഞ പിന്‍വലിക്കുകയും അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പാക്കുകയും ചെയ്യണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍ സാധാരണനിലയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്രചാരണവും അവിടത്തെ പൗരസ്വാതന്ത്ര്യ നിഷേധവും സംബന്ധിച്ച് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ പ്രധാനമാണ്.

സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം നല്‍കാന്‍ സുപ്രീംകോടതി വിധി വരുന്നതിന്റെ തലേന്ന് വിദേശനയതന്ത്രജ്ഞരെ അവിടേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നവരെമാത്രമാണ് അവര്‍ക്ക് കാണാനും കേള്‍ക്കാനും കഴിഞ്ഞത്. നയതന്ത്രജ്ഞരില്‍ ഒരാള്‍ക്കുപോലും വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെ കാണാന്‍ സാധിച്ചില്ല. കശ്മീരില്‍ അടിച്ചമര്‍ത്തല്‍ തുടങ്ങി അഞ്ചുമാസം പിന്നിടുമ്പോഴും ഈ രാജ്യത്തെ രാഷ്ട്രീയനേതാക്കളെയും എംപിമാരെയും അവിടെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിദേശനയതന്ത്രജ്ഞരുടെ സന്ദര്‍ശനം പാര്‍ലമെന്റിനോടുള്ള അവഹേളനമാണ്.

ഇന്റര്‍നെറ്റ് ഉപയോഗം ഭരണഘടനാപരമായ അവകാശമാണെന്നും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ച്ചയായി ഉപയോഗിച്ച് അവകാശം അടിച്ചമര്‍ത്താനുള്ള ഉപകരണമാക്കി 144ാം വകുപ്പിനെ മാറ്റുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ നിയന്ത്രണം നീക്കാനും ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നും സിപിഎം ആവശ്യപ്പെട്ടു.


Tags:    

Similar News