റിപ്പബ്ലിക്ക് ടിവി കൊടും വിഷമെന്ന് രാജ്ദീപ് സര്‍ദേശായി; 'ലൈസന്‍സ് റദ്ദാക്കാന്‍ ഈ വ്യാജ വാര്‍ത്ത ധാരാളം'

'ജാമിഅ സമരക്കാര്‍' വെടിയുതിര്‍ത്തു എന്നായിരുന്നു റിപ്പബ്ലിക് ടിവിയുടെ വ്യാജ ബ്രേക്കിങ് ന്യൂസ്. വെടിയുതിര്‍ത്തത് ആരെന്ന് തിരിച്ചറിയും മുമ്പേയായിരുന്നു റിപ്പബ്ലിക് ടിവിയുടെ വാര്‍ത്ത.

Update: 2020-01-31 02:20 GMT

ന്യൂഡല്‍ഹി: ജാമിഅ മില്ലിയയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ തീവ്രഹിന്ദുത്വ വാദി വെടിവെച്ചപ്പോള്‍ വ്യാജ വാര്‍ത്ത നല്‍കിയ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി കൊടും വിഷമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ചാനലിന്റെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ ഈ വ്യാജ വാര്‍ത്ത ധാരാളമാണെന്നും രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ടിവിയുടെ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാമാണ് രാജ്ദീപിന്റെ ട്വീറ്റ്.

'റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ ജാമിഅയില്‍ ചിലവഴിച്ച എനിക്ക് ഒന്നേ പറയാനുള്ളൂ, ഒരു ജനാധിപത്യ സംവിധാനത്തില്‍ ആറുമാസമെങ്കിലും ഈ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ഈ വ്യാജവാര്‍ത്ത ധാരാളമാണ്. കൊടും വിഷം.' രാജ്ദീപ് ട്വീറ്റ് ചെയ്തു.

'ജാമിഅ സമരക്കാര്‍' വെടിയുതിര്‍ത്തു എന്നായിരുന്നു റിപ്പബ്ലിക് ടിവിയുടെ വ്യാജ ബ്രേക്കിങ് ന്യൂസ്. വെടിയുതിര്‍ത്തത് ആരെന്ന് തിരിച്ചറിയും മുമ്പേയായിരുന്നു റിപ്പബ്ലിക് ടിവിയുടെ വാര്‍ത്ത. വെടിവെച്ചയാളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലിസ് പിടികൂടിയിരുന്നു. പിന്നീട് ഇയാളുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവന്നു.

ഡല്‍ഹി പോലിസ് നോക്കി നില്‍ക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തയാള്‍ രാംഭക്ത് ഗോപാല്‍ എന്നയാളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. വെടിവെപ്പിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് നടത്തിയാണ് രാംഭക്ത് ഗോപാല്‍ സ്ഥലത്തെത്തിയത്. 'ഇതാ നിങ്ങള്‍ക്കുള്ള ആസാദി' എന്ന് അറലിക്കൊണ്ട് രാംഭക്ത് ഗോപാല്‍ നടത്തിയ വെടിവെപ്പില്‍ ജാമിഅ വിദ്യാര്‍ഥി ഷദാബ് ഫാറൂഖിന് പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പരുക്കേറ്റ ഷദാബ് ഫാറൂഖിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News