യുക്രെയ്ന്‍ പ്രതിസന്ധി: യുഎസിനെ കടന്നാക്രമിച്ച് ഇറാന്‍ പരമോന്നത നേതാവ്

അമേരിക്കന്‍ ഭരണകൂടം ലോകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കും, പ്രതിസന്ധികളെ വളര്‍ത്തും, പ്രതിസന്ധികളെ മുതലെടുത്ത് ജീവിക്കും. ഈ നയത്തിന്റെ പുതിയ ഇരയാണ് യുക്രെയ്ന്‍-ഖാംനഈ ചൂണ്ടിക്കാട്ടി.

Update: 2022-03-02 18:20 GMT

തെഹ്‌റാന്‍: യുക്രെയ്‌നില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യം തന്ത്രപ്രധാന നഗരങ്ങളില്‍ ആക്രമണം ശക്തമാക്കുന്നതിനിടെ യുഎസിനേയും പാശ്ചാത്യശക്തികളേയും കടന്നാക്രമിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട ഖാംനഈ യുഎസിലെ 'മാഫിയ പോലുള്ള ഭരണകൂടം' സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. പാശ്ചാത്യശക്തികളെ വിശ്വസിക്കരുത്. യുഎസ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഇരയാണ് യുക്രെയ്ന്‍. അമേരിക്കന്‍ ഭരണകൂടം ലോകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കും, പ്രതിസന്ധികളെ വളര്‍ത്തും, പ്രതിസന്ധികളെ മുതലെടുത്ത് ജീവിക്കും. ഈ നയത്തിന്റെ പുതിയ ഇരയാണ് യുക്രെയ്ന്‍-ഖാംനഈ ചൂണ്ടിക്കാട്ടി. യുഎസിനെയും പാശ്ചാത്യശക്തികളെയും ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഇവരെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പാഠം പഠിക്കേണ്ടിയിരിക്കുന്നു.അമേരിക്കയുണ്ടാക്കിയ പ്രതിസന്ധിയുടെ ഇരയാണ് യുക്രെയ്ന്‍-അദ്ദേഹം പറഞ്ഞു.

ഇന്നലത്തെ അഫ്ഗാനാണ് ഇന്നത്തെ യുക്രെയ്ന്‍. രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ പറഞ്ഞിരുന്നത് അവര്‍ അമേരിക്കയെയും മറ്റ് പാശ്ചാത്യ സര്‍ക്കാറുകളെയും വിശ്വസിച്ചു, എന്നാല്‍ ഒടുക്കം ഒറ്റപ്പെട്ടു എന്നാണ്. ജനങ്ങളാണ് സര്‍ക്കാറുകളുടെ ഏറ്റവും വലിയ പിന്തുണ. യുക്രെയ്‌നില്‍ നിന്നുള്ള രണ്ടാമത്തെ പാഠം ഇതാണ്. യുക്രെയ്‌നിലെ ജനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അവിടത്തെ സര്‍ക്കാര്‍ ഈ അവസ്ഥയിലാകുമായിരുന്നില്ല. യുക്രെയ്‌നെ ഇന്നത്തെ അവസ്ഥയിലേക്ക് വലിച്ചിഴച്ചത് അമേരിക്കയാണ്. യുക്രെയ്‌നിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടും വര്‍ണവിപ്ലവങ്ങള്‍ സൃഷ്ടിച്ചും ഒരു സര്‍ക്കാറിനെ അട്ടിമറിച്ച് മറ്റൊന്നിനെ അധികാരത്തിലേറ്റിയും ഇന്നത്തെ അവസ്ഥയിലേക്ക് യുക്രെയ്‌നെ എത്തിച്ചു -വിവിധ ട്വീറ്റുകളില്‍ ഖാംനഇ ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളായി പാശ്ചാത്യ ഉപരോധത്തിന് കീഴിലായിരുന്ന ഇറാന്റെ തന്ത്രപ്രധാന പങ്കാളിയാണ് റഷ്യ. തെഹ്‌റാനും വാഷിങ്ടണും പതിറ്റാണ്ടുകളായി ശത്രുക്കളായിരിക്കുമ്പോള്‍, ഇറാനും റഷ്യയും വ്യാപാര ബന്ധം ആഴത്തിലാക്കുകയും സിറിയന്‍ സംഘര്‍ഷത്തില്‍ സഖ്യകക്ഷികളായിരിക്കുകയും ചെയ്തു.

Tags:    

Similar News