യുഎസിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്; പരിധി ലംഘിച്ചാല്‍ നശിപ്പിക്കും

അമേരിക്ക, സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുടെ ശത്രുതാപരമായ നീക്കങ്ങളോട് തങ്ങള്‍ സംയമനവും ക്ഷമയും കാണിച്ചു. എന്നാല്‍ അവര്‍ 'ചുവന്ന വര' കടന്നാല്‍ തങ്ങള്‍ അവരെ നശിപ്പിക്കുമെന്നു റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി ജനറല്‍ ഹുസൈന്‍ സലാമി വ്യക്തമാക്കി

Update: 2019-11-26 06:39 GMT

തെഹ്‌റാന്‍: പരിധി ലംഘിച്ചാല്‍ യുഎസിനേയും അതിന്റെ സഖ്യകക്ഷികളേയും ഇറാന്‍ നശിപ്പിക്കുമെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) മേധാവി. ഇന്ധന വിലവര്‍ദ്ധനവിനെതിരെ കഴിഞ്ഞയാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തെ അപലപിച്ച് നടന്ന സര്‍ക്കാര്‍ അനുകൂല റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎസ്, ബ്രിട്ടന്‍, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവര്‍ രാജ്യത്ത് അശാന്തി പടര്‍ത്തിയെന്നും തിങ്കളാഴ്ച തലസ്ഥാനത്ത് ആയിരക്കണക്കിന് പ്രകടനക്കാരെ അഭിസംബോധന ചെയ്ത് ജനറല്‍ ഹുസൈന്‍ സലാമി കുറ്റപ്പെടുത്തി. അമേരിക്ക, സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുടെ ശത്രുതാപരമായ നീക്കങ്ങളോട് തങ്ങള്‍ സംയമനവും ക്ഷമയും കാണിച്ചു. എന്നാല്‍ അവര്‍ 'ചുവന്ന വര' കടന്നാല്‍ തങ്ങള്‍ അവരെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം എന്നു ആലേഖനം ചെയ്ത ബാനറുകളും ഇറാനിയന്‍ പതാകയുമേന്തിയാണ് പ്രകടനക്കാര്‍ വിപ്ലവ ചത്വരത്തില്‍ ഒരുമിച്ച് കൂടിയത്. ജനക്കൂട്ടത്തില്‍ ചിലര്‍ അമേരിക്കന്‍ പതാകകള്‍ അഗ്നിക്കിരയാക്കി. ആണവക്കരാറില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്‍മാറിയതിനെതുടര്‍ന്ന് തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു. ഇന്ധന വില വര്‍ധനവിനെതിരേ നടന്ന സംഘര്‍ഷങ്ങളില്‍ വിദേശ രാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.

Tags:    

Similar News