പശുക്കൊലകള്‍ അരങ്ങേറിയ മോദി കാലത്ത് ബീഫ് കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

രാജ്യത്ത് ബീഫ് കൈവശം വച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും പശു സംരക്ഷണത്തിനായി കടുത്ത നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

Update: 2019-03-26 15:14 GMT

ന്യൂഡല്‍ഹി: പശുക്കൊലകള്‍ അരങ്ങേറിയ മോദികാലത്ത് ഇന്ത്യയുടെ ബീഫ് കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് കണക്കുകള്‍. രാജ്യത്ത് ബീഫ് കൈവശം വച്ചതിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോഴും പശു സംരക്ഷണത്തിനായി കടുത്ത നിയമങ്ങള്‍ നിര്‍മിക്കുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയായിരുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റിയുടെ (APEDA) കണക്കുകള്‍ പ്രകാരം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ രാജ്യത്തെ ബീഫ് കയറ്റുമതി കുതിച്ചുയര്‍ന്നുവെന്നാണ് പറയുന്നത്. 14,75,540 മെട്രിക്ക് ടണ്‍ ബീഫാണ് ആ വര്‍ഷം കയറ്റി അയച്ചത്. 2013-14 കാലത്ത് ഇത് 13,65,643 മെട്രിക്ക് ടണ്‍ മാത്രമായിരുന്നു. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റി അയച്ചതും 2014ല്‍ ആയിരുന്നു.

2016-17ല്‍ 13,30,013 മെട്രിക്ക് ടണ്‍ ബീഫ് കയറ്റുമതി ചെയ്തു. 2015-16 കാലത്തെ ബീഫ് കയറ്റുമതിയില്‍ നിന്ന് 1.2 ശതമാനം വളര്‍ച്ചയാണ് ആ വര്‍ഷം ഉണ്ടായത്. 2017-18 കാലത്ത് 13,48,225 മെട്രിക്ക് ടണ്ണായി ഇത് ഉയര്‍ന്നു. 2016ല്‍ നിന്ന് 1.3 ശതമാനമായിരുന്നു വര്‍ധന. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റി അയക്കുന്നത് ഇന്ത്യയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട കണക്കുപ്രകാരം കടുത്ത നിയമങ്ങളും പശുവിന്റെ പേരിലുള്ള കൊലകളും കാരണം ഇന്ത്യയില്‍ ബീഫ് കയറ്റുമതി മന്ദഗതിയിലായിരുന്നുവെന്നാണ്. എന്നാല്‍ സാധാരണക്കാരായ കാലിക്കച്ചവടക്കാരെ മാത്രമായിരുന്നു ഇവയെല്ലാം ബാധിച്ചിരുന്നത് എന്നാണ് മനസ്സിലാക്കേണ്ടിയിരിക്കുന്നത്. മോദി ഭക്തരായ വന്‍കിട കുത്തക ബീഫ് കയറ്റുമതി സ്ഥാപനങ്ങള്‍ ഇന്ത്യയിലെ നിലവിലെ സ്ഥിതിഗതികള്‍ മുതലാക്കുകയായിരുന്നു ഇക്കാലമത്രയും ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബീഫ് കൈവശം വച്ചതിന് 2015ലാണ് രാജ്യത്ത് ആദ്യ ആള്‍ക്കൂട്ട കൊല നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഹ്‌ലാഖ് എന്ന മധ്യവയസ്‌കനെയായിരുന്നു ഗോരക്ഷാ ഗുണ്ടകളും ആള്‍ക്കൂട്ടവും ചേര്‍ന്ന് കൊന്നത്.

Tags:    

Similar News