മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 നാവികര്‍ ഗിനിയയില്‍ തടവില്‍; മോചനദ്രവ്യം നല്‍കിയിട്ടും വിട്ടയച്ചില്ല

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെയുള്ളവരാണ് ദിവസങ്ങളായി ഗിനിയന്‍ നേവിയുടെ തടവില്‍ കഴിയുന്നത്.

Update: 2022-11-05 14:46 GMT

ഗിനിയ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേനയുടെ പിടിയായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള 26 അംഗ സംഘത്തെ മോചനദ്രവ്യം നല്‍കിയിട്ടും വിട്ടയച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെയുള്ളവരാണ് ദിവസങ്ങളായി നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരം ഗിനിയന്‍ നേവിയുടെ തടവില്‍ കഴിയുന്നത്. ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയെങ്കിലും ആരെയും തന്നെ മോചിപ്പിച്ചിട്ടില്ലെന്നും എല്ലാവരെയും നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം നടക്കുന്നതെന്നുമാണ് റിപോര്‍ട്ടുകള്‍. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ആഗസ്ത് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരികയും കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റുകയും ചെയ്തു. എന്നാല്‍, ഗിനിയന്‍ നേവിയുടെ കപ്പലാണ് വന്നതെന്ന് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് തിരിച്ചറിഞ്ഞത്. ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലായിരുന്നു നൈജീരിയയുടെ അന്വേഷണം. അന്വേഷണത്തില്‍ സംശയകരമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കപ്പല്‍ കമ്പനിയോട് ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു. കമ്പനി അത് നല്‍കിയതോടെ മോചിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജീവനക്കാരെയും കപ്പലിനെയും നൈജീരിയയ്ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് റിപോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെയും മറ്റു രാജ്യങ്ങളുടെയും ഇടപെടലുകള്‍ കാത്ത് കഴിയുകയാണ് നാവികര്‍.

Tags:    

Similar News