കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച് കമ്പനി

Update: 2024-04-30 06:29 GMT

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് ആദ്യമായി ഇപ്പോള്‍ കമ്പനി സമ്മതിച്ചിരിക്കുന്നത്.

കൊവിഷീല്‍ഡ്, വാക്‌സ്സെവ്‌റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ കൊറോണക്കെതിരേ ഉപയോഗിച്ച വാക്സിനാണിത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. കൊറോണയുടെ ആദ്യഘട്ടത്തില്‍ വികസിപ്പിച്ച ഈ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നേരത്തെ, സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് അസ്ട്രസെനക്ക-ഒക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു.

വാക്സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണങ്ങളും ഉണ്ടായെന്ന് നിരവധി പരാതികളാണ് ഉയര്‍ന്നത്. തുടര്‍ന്ന് നിരവധി പേരും സംഘടനകളും അസ്ട്രസെനക്കയ്ക്കെതിരേ കോടതിയിലും പോയിരുന്നു. വാക്‌സിന്‍ സ്വീകരിച്ചശേഷം മസ്തിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് ആദ്യം കേസ് നല്‍കിയത്.

രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ അസ്ട്രസെനക്ക സമ്മതിച്ചു.






Tags:    

Similar News