കശ്മീരില്‍ മനുഷ്യാവകാശ ലംഘനം: യുഎന്‍ റിപോര്‍ട്ടിനെതിരേ പ്രതിഷേധവുമായി ഇന്ത്യ

റിപോര്‍ട്ട് വസ്തുതാവിരുദ്ധവും പര പ്രേരണയോടെയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രധാന പ്രശ്‌നമായ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെ അവഗണിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

Update: 2019-07-08 15:12 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ശിക്ഷാരീതികളും നടപ്പാക്കുന്നുവെന്ന യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ റിപോര്‍ട്ടിനെതിരേ ഇന്ത്യ.റിപോര്‍ട്ട് വസ്തുതാവിരുദ്ധവും പര പ്രേരണയോടെയുള്ളതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രധാന പ്രശ്‌നമായ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെ അവഗണിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.

യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഭീകരവാദത്തിന് നിയമസാധുത നല്‍കുകയാണ്. റിപോര്‍ട്ടിലെ വാദങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തേയും പ്രദേശിക സമഗ്രതയേയും ലംഘിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. എന്നാല്‍, ലോകത്തിലെ ഏറ്റവും വലുതും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യ രാജ്യത്തേയും ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ഭീകവാദം പരസ്യമായി പ്രയോഗിക്കുകയും ചെയ്യുന്ന രാജ്യത്തേയും കൃത്രിമമായി തുല്യതയിലെത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ റിപോര്‍ട്ടിന് പിന്നിലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി കശ്മീരുമായി ബന്ധപ്പെട്ട റിപോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസ് പുറത്തുവിട്ടത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അതിന്റെ പുതുക്കിയ റിപോര്‍ട്ടില്‍, കശ്മീരിലെ ആശങ്കയുളവാക്കുന്ന നിരവധി വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യയും പാകിസ്താനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നില്ലെന്നു കുറ്റപ്പെടുത്തിയിരുന്നു.

കശ്മരീലെ ജനങ്ങളുടെ സ്വയം നിര്‍ണയത്തിനുള്ള അവകാശത്തെ അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടിലൂടെ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ശിക്ഷാരീതികളും നടപ്പാക്കി വരുന്നുണ്ട്. പാക് അധിനിവേശ കശ്മീരിലും സമാനമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറുന്നതെന്നുമാണ് നേരത്തെയുള്ളതിന്റെ തുടര്‍ച്ചയായുള്ള യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News