മൈസൂരിലെ കൊവിഡ് മരണനിരക്ക് കുത്തനെ ഉയരുന്നു;മരിച്ചവരില്‍ ഏറെയും പ്രത്യേക സമുദായത്തില്‍നിന്നുള്ളവര്‍, അടിമുടി ദുരൂഹത; ഉന്നതതല അന്വേഷണം വേണമെന്ന് എസ്ഡിപിഐ

സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 2.23 ശതമാനം മാത്രമാണെന്നിരിക്കെ സംസ്ഥാന നിരക്കിനേക്കാള്‍ ഏറെ ഉയരത്തില്‍ 4.31 ശതമാനമാണ് മൈസൂരിലെ കൊവിഡ് മരണനിരക്ക്. മരിച്ചവരുടെ ബന്ധുക്കള്‍ കൊവിഡ് ചികില്‍സയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതിനോടൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

Update: 2020-07-26 14:33 GMT

ബെംഗളൂരു: കഴിഞ്ഞ ഒരു മാസത്തിനിടെ മൈസൂരില്‍ കൊവിഡ് ബാധിച്ച് 70 പേര്‍ മരിച്ചു. ഇക്കാലയളവില്‍ ഇവിടെ വൈറസ് ബാധിതരായവരുടെ എണ്ണം കുത്തനെ ഉയര്‍ന്ന് 1624ല്‍ എത്തി. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 2.23 ശതമാനം മാത്രമാണെന്നിരിക്കെ സംസ്ഥാന നിരക്കിനേക്കാള്‍ ഏറെ ഉയരത്തില്‍ 4.31 ശതമാനമാണ് മൈസൂരിലെ കൊവിഡ് മരണനിരക്ക്. മരിച്ചവരുടെ ബന്ധുക്കള്‍ കൊവിഡ് ചികില്‍സയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതിനോടൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

വൈറസ് ബാധിതര്‍ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തുമ്പോള്‍ ഉടനടി പ്രതികരിക്കുന്നതില്‍ കാലതാമസം വരുത്തുന്നു, ആവശ്യമായ ചികില്‍സയും പരിരക്ഷയും നല്‍കാതെ അലംഭാവം കാണിക്കുന്നു, രോഗിയുടെ ആരോഗ്യ നില സംബന്ധിച്ച് ശരിയായ വിവരം നല്‍കാതെ കുടുംബത്തെ ആശങ്കയിലാഴ്ത്തുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഇരകളുടെ ബന്ധുക്കള്‍ കൊവിഡ് ചികില്‍സ കേന്ദ്രങ്ങള്‍ക്കെതിരേ ഉന്നയിക്കുന്നത്.

കൂടാതെ, മരിച്ചവരില്‍ ഭൂരിപക്ഷവും പ്രത്യേക സമുദായത്തില്‍നിന്നുള്ളവരാണെന്നത് ആ സമുദായത്തിലും പുറത്തും കടുത്ത ആശങ്കയുളവാക്കുകയും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

ഈ സാഹചര്യത്തില്‍ മൈസൂരില്‍ കൊവിഡ് മരണങ്ങള്‍ റിട്ട. ജഡ്ജി അധ്യക്ഷനായ മെഡിക്കല്‍ വിദഗ്ധരുടെ കമ്മിറ്റി അന്വേഷിക്കണമെന്ന് എസ്ഡിപിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19 രോഗികളോടുള്ള അലംഭാവം, മോശം പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതത് ആശുപത്രി കേന്ദ്രങ്ങള്‍ സിസിടിവി സ്ഥാപിക്കുക,

കൊവിഡ് ചികില്‍സയ്ക്ക ഏകീകൃത നിരക്ക് കൊണ്ടുവരിക, നിരക്കിനേക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, മൈസൂരില്‍ കൊവിഡ് 19 രോഗികള്‍ക്കായി ഒരുക്കിയിട്ടുള്ള ബെഡുകളുടെ ലഭ്യതയെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്ഡിപിഐ ഭാരവാഹികള്‍ ഉന്നയിച്ചു.

എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, കര്‍ണാടക സംസ്ഥാന സെക്രട്ടറി കുമാര സ്വാമി, സംസ്ഥാന കമ്മിറ്റി അംഗം അംജദ് ഖാന്‍, എസ്ഡപിഐ മൈസൂര്‍ ജില്ല ഭാരവാഹി തബ്രീസ് സൈദ് സംബന്ധിച്ചു.


Tags: