സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ആദായ നികുതിയും വെട്ടിക്കുറക്കുന്നു

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് ഈ നടപടികൾ എന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തെ വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ താഴ്ന്ന നിലവാരമായ അഞ്ച് ശതമാനത്തിലെത്തിയിരിക്കുകയാണ്.

Update: 2019-10-01 05:23 GMT

ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് ലക്‌ഷ്യം.കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം.

വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം പരിഷ്‌കരിക്കുന്നതിന് രൂപവല്‍ക്കരിച്ച ഡയറക്ട് ടാക്‌സ് കോഡ് ടാസ്‌ക് ഫോഴ്‌സ് ആഗസ്ത് 19ന് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പരിഷ്‌കരണം വരുന്നതോടെ ആദായ നികുതിദായകൻറെ കയ്യില്‍ കൂടുതല്‍ പണംവരുന്ന സാഹചര്യമുണ്ടാവുകയും വാങ്ങല്‍ ശേഷി വര്‍ധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അഞ്ചു ലക്ഷത്തിനും പത്തുലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവരുടെ നികുതി സ്ലാബ് 10 ശതമാനത്തിലേയ്ക്ക് കുറയ്ക്കണമെന്നതാണ് പ്രധാന നിര്‍ദേശം. നിലവില്‍ ഈ സ്ലാബിലുള്ളവര്‍ക്ക് 20 ശതമാനമാണ് നികുതി. ഉയര്‍ന്ന സ്ലാബിലുള്ളവരുടെ നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായും കുറച്ചേക്കും. അതോടൊപ്പം സെസുകളും സര്‍ച്ചാര്‍ജുകളും നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

നിലവില്‍ മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി. രണ്ടാമത്തെ സ്ലാബായ 5-10 ലക്ഷത്തിനിടയ്ക്കുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് ആദായ നികുതി ഈടാക്കുന്നത്. 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ നികുതിക്കുപുറത്തുമാണ്.

ദീപാവലിക്കുമുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഉത്സവ സീസണായതിനാല്‍ ജനങ്ങളുടെ ഉപഭോഗശേഷിയെ അത് സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനാണ് ഈ നടപടികൾ എന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തെ വളര്‍ച്ചാ നിരക്ക് ആറുവര്‍ഷത്തെ താഴ്ന്ന നിലവാരമായ അഞ്ച് ശതമാനത്തിലെത്തിയിരിക്കുകയാണ്. 

Tags:    

Similar News