കലൈഞ്ജറും അമ്മയുമില്ലാത്ത ദ്രാവിഡ മണ്ണ് എങ്ങോട്ട്

ഒരു വശത്ത് ഡിഎംകെയുടെ എം കരുണാനിധിയും മറുവശത്ത് എഐഎഡിഎംകെയുടെ എം ജി രാമചന്ദ്രനില്‍ തുടങ്ങി ജയലളതിയിലേക്കു നീണ്ട 40 വര്‍ഷത്തെ യുദ്ധം. പക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമാണ്.

Update: 2019-03-21 08:27 GMT

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പെന്നാല്‍ ചില വന്‍മരങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരു വശത്ത് ഡിഎംകെയുടെ എം കരുണാനിധിയും മറുവശത്ത് എഐഎഡിഎംകെയുടെ എം ജി രാമചന്ദ്രനില്‍ തുടങ്ങി ജയലളതിയിലേക്കു നീണ്ട 40 വര്‍ഷത്തെ യുദ്ധം. പക്ഷേ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിത്രം വ്യത്യസ്തമാണ്. കരുണാനിധിയെന്ന കലൈഞ്ജറും തമിഴ്മക്കള്‍ അമ്മയെന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ജയലളിതയും വിട പറഞ്ഞ ദ്രാവിഡ മണ്ണില്‍ ഇക്കുറി ആര് വാഴുമെന്നതാണ് ചോദ്യം.

വിധി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ്



മഹാമേരുക്കളില്ലാത്ത തിരഞ്ഞെടുപ്പിന് ചൂടും ചൂരും കുറയുമെന്ന് കരുതിയെങ്കില്‍ തെറ്റി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന ഭരണത്തിന്റെ ഗതിനിര്‍ണയിക്കും വിധത്തില്‍ 18 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ പ്രധാന കളിക്കാരായ ഡിഎംകെയും എഐഎഡിഎംകെയും അരയും തലയും മുറുക്കി രംഗത്തുണ്ട്. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ഭരണത്തിന്റെ വിധി നിര്‍ണയിക്കുന്നതാവും ഉപതിരഞ്ഞെടുപ്പ് ഫലം. 214 അംഗ സഭയില്‍ ഡിഎകെയേക്കാള്‍ 17 സീറ്റിന്റെ ഭൂരിപക്ഷം മാത്രമേ നിലവില്‍ സര്‍ക്കാരിനുള്ളു.

ഈ സാഹചര്യത്തില്‍ കിട്ടാവുന്ന എല്ലാ പാര്‍ട്ടികളെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും കീഴ്‌വഴക്കങ്ങളെല്ലാം അട്ടിമറിച്ചുള്ള നീക്കങ്ങളാണ് നടന്നത്. പ്രധാന ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ് ഡിഎംകെ മുന്നണിയിലും ബിജെപി ഐഎഡിഎംകെ മുന്നണിയിലും നിലയുറപ്പിച്ചിട്ടുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് ദേശീയ പാര്‍ട്ടികളെയും ദ്രാവിഡ പാര്‍ട്ടികള്‍ അവഗണിച്ചിരുന്നു. ആ സമയത്ത് നയിക്കാന്‍ കരുണാനിധിയും ജയലളിതയുമുണ്ടായിരുന്നു.

ഇരുപാര്‍ട്ടികളും 20 സീറ്റുകളില്‍ വീതം മല്‍സരിക്കുന്നു. അമ്മയും കലൈഞ്ജറുമില്ലാത്ത കളിയില്‍ തങ്ങളുടെ നേതൃശേഷി തെളിയിക്കേണ്ടതുണെന്നതിനാല്‍ ഡിഎംകെയുടെ എം കെ സ്റ്റാലിനും ഐഎഡിഎംകെയുടെ എടപ്പാടി പളനിസ്വാമിക്കും ഒ പന്നീര്‍ശെല്‍വത്തിനും അഗ്നിപരീക്ഷയായിരിക്കും ഈ തിരഞ്ഞെടുപ്പ്. പ്രകടനം മോശമായാല്‍ ഇരുപക്ഷത്തും നേതൃത്തിനെതിരായ കലാപക്കൊടി ഉയരുമെന്നതുറപ്പ്.

ജാതി സമവാക്യങ്ങള്‍



അതേ സമയം, സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം സാമൂഹികവും രാഷ്ട്രീയവും പ്രാദേശികവും ജീവസന്ധാരണപരവുമായ കാരണങ്ങളൊക്കെ ആര്‍ക്ക് വോട്ട് നല്‍കണമെന്നത് നിശ്ചയിക്കുന്നു. ധര്‍മപുരി പാര്‍ലമെന്റ് മണ്ഡലത്തിലെ ഹാരൂര്‍, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അസംബ്ലി മണ്ഡലങ്ങളില്‍ ഒന്നാണ്. വണ്ണിയരും ദലിതരും പലപ്പോഴും സംഘര്‍ഷത്തിലേക്കു നീങ്ങാറുള്ള ഇവിടെ ജാതിയാണ് കാര്യങ്ങള്‍ നിര്‍ണയിക്കുന്നത്. തൊട്ടടുത്ത പപ്പിറെഡ്ഡിപ്പട്ടി മണ്ഡലത്തില്‍ 2012ല്‍ ദലിതകര്‍ക്കെതിരേ വണ്ണിയര്‍ നടത്തിയ സംഘടിത ആക്രമണത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പപ്പിറെഡ്ഡിപ്പട്ടിയിലും ഇക്കുറി ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

പിഎംകെ വണ്ണിയരുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണെന്ന ധാരണ ശക്തമായതിനാല്‍ പട്ടാളിമക്കള്‍ കക്ഷിയുമായുള്ള(പിഎംകെ) അണ്ണാ ഡിഎംകെയുടെ കൂട്ട് ദലിത് വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കിയേക്കും. ഇത് എഐഎഡിഎംകെക്ക് ക്ഷീണമുണ്ടാക്കും.

പിഎംകെയുമായും ബിജെപിയുമായുള്ള ഭരണകക്ഷിയുടെ സഖ്യം അസ്വസ്ഥത സൃഷ്ടിക്കുന്ന മറ്റൊരു മണ്ഡലമാണ് കുഡ്ഡലൂര്‍. ഇതുമാത്രമല്ല ഈ ജില്ലയിലെ വണ്ണിയര്‍, ദലിത്, മല്‍സ്യത്തൊഴിലാളി, ന്യൂനപക്ഷ വിഭാഗങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും അണ്ണാ ഡിഎംകെയുമായി അകല്‍ച്ചയിലാണ്. കഴിഞ്ഞ വര്‍ഷം ഗജ ചുഴലിക്കാറ്റ് താണ്ഡവമാടിയ ഏറ്റവും വലിയ തീരപ്രദേശങ്ങളിലൊന്നായ ദേവനാംപട്ടിനത്തില്‍ ഭരകക്ഷിനേതാക്കള്‍ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ലെന്ന് മല്‍സ്യത്തൊഴിലാളിയായ കെ വള്ളത്താന്‍ പറഞ്ഞു. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളും മേഖലയില്‍ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയാവും.

സ്ഥാനാര്‍ഥിക്കാണ് വോട്ട്

തമിഴ്‌നാടിന്റെ അരിയിടങ്ങഴി എന്നറിയപ്പെടുന്ന തഞ്ചാവൂരില്‍ ജാതി മാത്രമല്ല നിര്‍ണായകം. കല്ലാര്‍, മാരവര്‍, അഗമുടിയാര്‍ ഉപജാതികള്‍ ചേര്‍ന്ന തേവര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ളതാണ് തഞ്ചാവൂര്‍. ഇവിടെ പാര്‍ട്ടിക്കല്ല മല്‍സരിക്കുന്ന സ്ഥാനാര്‍ഥിക്കാണ് പ്രധാന്യം. മാരവരും അഗമുഡിയറുകളും ജില്ലയില്‍ തുല്യശക്തികളാണ്. ഇവര്‍ രണ്ട് ദ്രാവിഡ പാര്‍ട്ടികള്‍ക്കു പിറകില്‍ അടിയുറച്ചുനില്‍ക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടി മറന്ന് സ്ഥാനാര്‍ഥിയെ നോക്കിയേ ഇവര്‍ വോട്ട് കുത്തൂ.

തമിഴ്‌നാടിന്റെ തെക്ക് മധുരൈ ഗ്രാമത്തിലുള്ളവര്‍ക്ക് പറയാനുള്ളത് കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ചാണ്. നോട്ട് നിരോധനത്തിലൂടെ വലിയ പ്രതിസന്ധി നേരിട്ട കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ വര്‍ഷത്തില്‍ 6000 രൂപ കൊടുക്കുന്ന പദ്ധതി കൊണ്ടു വന്ന കേന്ദ്രത്തിനെതിരേ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഒരു മാറ്റം ആവശ്യമാണെന്ന് മണ്ഡലത്തിലെ വോട്ടറായ മുത്തു പേയാണ്ടി പറയുന്നു.

സര്‍വ വ്യാപിയായ ദിനകരന്‍



150 കിലോമീറ്റര്‍ കൂടി തെക്കോട്ട് പോയാല്‍ തിരുനെല്‍വേലിയായി. എഐഎഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) രൂപീകരിച്ച ടി ടി വി ദിനകരന്റെ സ്വാധീനം ഇവിടെ എല്ലാ മേഖലകളിലും കാണാം. മുക്കൊളത്തൂര്‍ സമുദായത്തിലെ യുവാക്കള്‍ മുഴുവന്‍ ദിനകരനോടൊപ്പമുണ്ട്. തങ്ങളുടെ സമുദായത്തിന് ആവശ്യമായത് ചെയ്യാന്‍ ദിനകരന് മാത്രമേ സാധിക്കൂ എന്നാണ് യുവാക്കളുടെ പക്ഷം.

2016 ഡിസംബറില്‍ ജയലളിതയുടെ മരണത്തിന് ശേഷം നടന്ന ഏക ഉപതിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയം നേടിയായിരുന്നു ദിനകരന്റെ കടന്നുവരവ്. മൂന്നാം ശക്തിയെന്ന നിലയില്‍ എഐഎഡിഎംകെയുടെ വോട്ടുകളില്‍ ദിനകരന്‍ കാര്യമായ വിള്ളല്‍ വീഴ്ത്തുമെന്നുറപ്പ്. എന്നാല്‍, അണ്ണാഡിഎംകെയെ തോല്‍പ്പിക്കുന്നതിനേക്കാള്‍ വലിയ ലക്ഷ്യങ്ങളാണ് ദിനകരന്റെ മനസ്സിലുള്ളതെന്ന് അദ്ദേഹത്തിന്റെ ചടുല നീക്കങ്ങള്‍ വ്യക്തമാവുന്നു. പൊതുവേ ഡിഎംകെയെ പിന്തുണക്കുന്ന സംസ്ഥാനത്തെ 5.86 ശതമാനം വരുന്ന മുസ്ലിം വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശക്തമായ ശ്രമങ്ങളും ദിനകരന്‍ നടത്തുന്നുണ്ട്. അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി കൈകോര്‍ക്കാന്‍ തയ്യാറായ എസ്ഡിപിഐക്ക് ചെന്നൈ സെന്‍ട്രല്‍ സീറ്റ് ദിനകരന്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുള്ള എസ്ഡിപിഐയുടെ പിന്തുണ എഎംഎംകെയ്ക്ക് കരുത്തു പകരും. ഡിഎംകെയ്ക്ക് മുസ്ലിം സ്ഥാനാര്‍ഥികളൊന്നുമില്ലെങ്കിലും സഖ്യകക്ഷിയായ മുസ്ലിം ലീഗ് രാമനാഥപുരത്ത് മല്‍സരിക്കുന്നുണ്ട്. എഐഎഡിഎംകെ ഇതുവരെ മുസ്ലിം സ്ഥാനാര്‍ഥികളെയൊന്നും പ്രഖ്യാപിച്ചിട്ടില്ല.

കോയമ്പത്തൂരിന്റെ ആശങ്കകള്‍

ഒരിക്കല്‍ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന വസ്ത്രനിര്‍മാണ കേന്ദ്രമായിരുന്ന കോയമ്പത്തൂരില്‍ മറ്റുവിഷയങ്ങളേക്കാള്‍ സാമ്പത്തിക കാര്യങ്ങള്‍ക്കാണ് പരിഗണന. അടിസ്ഥാന സൗകര്യ വികസനം, നെയ്ത്തു ശാലകളുടെ അടച്ചുപൂട്ടല്‍, തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച തുടങ്ങിയവയൊക്കെ ഇവിടുത്തെ ജനങ്ങളെ അലട്ടുന്നു. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള വ്യക്തമായ ചാഞ്ചാട്ടം ഇതുവരെ മേഖലയില്‍ ദൃശ്യമായിട്ടില്ല.

ഡിഎംകെയ്ക്ക് അനുകൂലം

നടന്‍ കമലഹാസന്റെ മക്കള്‍ നീതി മയ്യം ചില മണ്ഡലങ്ങളിലെങ്കിലും പ്രധാന കക്ഷികള്‍ക്ക് തലവേദനയാവും. ദിനകരന്‍ ഫാക്ടറും മറ്റു തിരഞ്ഞെടുപ്പ് കണക്കുകളും പരിഗണിക്കുമ്പോള്‍ നിലവില്‍ ഡിഎംകെ മുന്നണിക്കാണ് തമിഴ്‌നാട്ടില്‍ മേല്‍ക്കൈ. പക്ഷേ ഒരു കാര്യം മറക്കരുത്, നിര്‍ണിതമായ വിധി നല്‍കുന്ന തമിഴ് ജനത കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒന്നിലധികം തവണ എല്ലാ പ്രവചനങ്ങളും തെറ്റിച്ചിട്ടുണ്ട്.  

Tags: