'നിങ്ങളുടെ കല്ലിന് ഞങ്ങള്‍ ബോംബുകള്‍ കൊണ്ട് മറുപടി നല്‍കും'; കലാപാഹ്വാനവുമായി ബിജെപി എംപി

കഴിഞ്ഞ ദിവസം ഹന്‍മകോണ്ടയില്‍ നടന്ന ബിജെപി റാലിക്ക് നേര കല്ലേറുണ്ടായതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ബിജെപി എംപി തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭാവിയില്‍ ബോംബുകളും ഗ്രനേഡുകളുമായി ഇത്തരം ആക്രമണങ്ങളെ എതിര്‍ക്കുമെന്നും പറഞ്ഞു.

Update: 2020-01-09 09:54 GMT
വാറങ്കല്‍: ഉവൈസിയുടെ ഇത്തിഹാദുല്‍ മുസ്‌ലിമിനെയും(എഐഎംഐഎം), ടിആര്‍എസിനെയും നിശിതമായി വിമര്‍ശിച്ച് കരിംനഗര്‍ ബിജെപി എംപി ബന്ദി സഞ്ജയ് കുമാര്‍. ബിജെപി പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് ആക്രമിച്ചാല്‍ ബോംബും കത്തിയും ഉപയോഗിച്ച് മറുപടി നല്‍കുമെന്നായിരുന്നു ബിജെപി എംപിയുടെ ഭീഷണി.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനാണ് ബിജെപി എംപി ഇരുപാര്‍ട്ടികളേയും ഹിന്ദുവിരുദ്ധരെന്ന് മുദ്രകുത്തി രംഗത്ത് വന്നിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി വിജയിക്കുമെന്ന് പറഞ്ഞ ബിജെപി എംപി ഗോല്‍ക്കൊണ്ട കോട്ടയില്‍ ഉടന്‍ തന്നെ കാവിക്കൊടി ഉയര്‍ത്തുമെന്നും പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരന്മാരുടെ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ നടത്തിയ റാലികള്‍ക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ധനസഹായം നല്‍കിയതായും സഖ്യകക്ഷിയായ എഐഎംഐഎം നേതാക്കളെ സമരങ്ങളുടെ മുന്നില്‍ അണിനിരത്തിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഹന്‍മകോണ്ടയില്‍ നടന്ന ബിജെപി റാലിക്ക് നേര കല്ലേറുണ്ടായതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ബിജെപി എംപി തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭാവിയില്‍ ബോംബുകളും ഗ്രനേഡുകളുമായി ഇത്തരം ആക്രമണങ്ങളെ എതിര്‍ക്കുമെന്നും പറഞ്ഞു.

'ഞങ്ങളെ ആക്രമിക്കാന്‍ അവര്‍ വടികള്‍ ഉപയോഗിച്ചാല്‍ ഞങ്ങള്‍ കത്തി ഉപയോഗിച്ച് പ്രതികാരം ചെയ്യും, കത്തി ഉപയോഗിച്ചാല്‍ ഞങ്ങള്‍ തോക്കുപയോഗിച്ച് പ്രതികരിക്കും. യുദ്ധം ആരംഭിച്ചു കഴിഞ്ഞു'. ബിജെപി എംപി പറഞ്ഞു.

പച്ച പതാകക്ക് തെലങ്കാനയില്‍ സ്ഥാനമുണ്ടാവുകയില്ല, കാവി കൊടിയല്ലാതെ ഒരു പതാകയും തെലങ്കാനയില്‍ ഉയരില്ലെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷമാണ് സിഎഎ സംബന്ധിച്ച ബില്‍ പാസാക്കിയതെന്ന് പറഞ്ഞ ബിജെപി എംപി 2007 ലെ ഹൈദരാബാദ് സ്‌ഫോടന കേസിലെ പ്രതികള്‍ക്ക് പൗരത്വം നല്‍കാന്‍ കെസിആര്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും ചോദിച്ചു.

Tags: