ഇസ്രായേലിനെ അരമണിക്കൂറിനുള്ളില്‍ നശിപ്പിച്ചു കളയാന്‍ തങ്ങള്‍ക്കാവുമെന്ന് ഇറാന്‍

Update: 2019-07-02 10:32 GMT

തെഹ്‌റാന്‍: വേണ്ടിവന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ചു കളയാന്‍ തങ്ങള്‍ക്കാവുമെന്നു ഇറാന്‍. ഇറാനിലെ അറബിക് ന്യൂസ് ചാനലായ അല്‍ അലാമിനോടാണ്, ഇറാന്‍ പാര്‍ലമെന്റ്ിന്റെ ദേശീയ സുരക്ഷാ വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്തബ സൊല്‍നൂര്‍ ഇക്കാര്യം പറഞ്ഞത്.

അമേരിക്ക തങ്ങളെ ആക്രമിക്കുകയാണെങ്കില്‍ പിന്നെ ഇസ്രായേലിനു അരമണിക്കൂര്‍ ആയുസ് മാത്രമാണുള്ളതെന്നായിരുന്നു മൊജ്തബ സൊല്‍നൂറിന്റെ പ്രസ്താവന.

ആണവ കരാറും യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും നിലപാട് കടുപ്പിച്ചു രംഗത്തെത്തിയിരുന്നു.

ഇതിനിടെയാണ് സൊല്‍നൂറിന്റെ പ്രസ്താവന.

കഴിഞ്ഞ തവണ ഇറാനെ ആക്രമിക്കാനുള്ള തീരുമാനം അവസാന നിമിഷമാണ് വേണ്ടെന്നു വച്ചതെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്‍ തീരത്ത് നിരീക്ഷണം നടത്തിയിരുന്ന അമേരിക്കന്‍ ഡ്രോണുകള്‍ നേരത്തെ ഇറാന്‍ വെടിവച്ചിട്ടിരുന്നു. ഈ സമയത്ത് ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചെന്നും എന്നാല്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുമെന്നുള്ളതിനാല്‍ ആക്രമണം വേണ്ടെന്നു വച്ചുവെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.

എന്നാല്‍ ഈ വാദം വെറും നാടകം മാത്രമാണെന്നും വിജയിക്കുമെന്നു ഉറപ്പുള്ള ഒരാക്രമണവും അമേരിക്ക ഒഴിവാക്കില്ലെന്നും സൊല്‍നൂര്‍ പറഞ്ഞു.

Tags:    

Similar News