18 വയസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം, എന്തുകൊണ്ട് പങ്കാളിയെ ആയിക്കൂടാ ?; വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരേ ഉവൈസി

Update: 2021-12-18 12:14 GMT

ന്യൂഡല്‍ഹി: 18ാം വയസ്സില്‍ ഒരു പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടായെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) എംപി അസദുദ്ദീന്‍ ഉവൈസി. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍നിന്ന് 21 ആയി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്യുകയായിരുന്നു ഉവൈസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നതിന്റെ മികച്ച ഉദാഹരണമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം. 18 വയസ്സായാല്‍ ഒരു ഇന്ത്യന്‍ പൗരന് കരാറില്‍ ഒപ്പിടാനും വ്യവസായം ആരംഭിക്കാനും പ്രധാനമന്ത്രിമാരെ തിരഞ്ഞെടുക്കാനും എംപിമാരെയും എംഎല്‍എമാരെയും തിരഞ്ഞെടുക്കാനും കഴിയും.

ആണ്‍കുട്ടികളുടെ വിവാഹ പ്രായപരിധിയും 21ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്നാണ് തന്റെ ആഭിപ്രായം. സ്ത്രീകളുടെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ശൈശവവിവാഹം കുറയുന്നത് ക്രിമിനല്‍ നിയമം കൊണ്ടല്ല. മറിച്ച് വിദ്യാഭ്യാസവും സാമ്പത്തിക പുരോഗതിയും മൂലമാണ്. എന്നിരുന്നാലും ഏകദേശം 12 ദശലക്ഷം കുട്ടികള്‍ 18 വയസ്സിന് മുമ്പ് വിവാഹിതരാവുന്നുണ്ടെന്നാണ് കണക്ക്. 2005ല്‍ 26 ശതമാനമായിരുന്ന തൊഴില്‍മേഖലയിലെ സ്ത്രീ പങ്കാളിത്തം 2020ല്‍ 16 ശതമാനമായി കുറഞ്ഞെന്നും ഉവൈസി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പ്രായം 21 വയസ്സായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

'ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പ്രകാരം ഡാറ്റ പങ്കിടാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, പക്ഷേ, നിങ്ങള്‍ക്ക് ഒരു പങ്കാളിയെ തിരഞ്ഞെടുക്കാന്‍ കഴിയില്ല. ഇത് എന്തുതരം യുക്തിയാണ് ? അതിനാലാണ് ഇത് തെറ്റായ നടപടിയാണെന്ന് എനിക്ക് തോന്നുന്നത്. എന്റെ കാഴ്ചപ്പാടില്‍ 21 വയസാവുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരാള്‍ക്ക് അവകാശം നല്‍കണം. സുപ്രിംകോടതി പോലും പറഞ്ഞത് ഇപ്പോള്‍ സ്വകാര്യത മൗലികാവകാശമാണെന്നാണ്. അതിനാല്‍, ആരെ വിവാഹം കഴിക്കണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം, ഒരു കുട്ടി എപ്പോള്‍ വേണമെന്ന് ഒരാള്‍ക്ക് തിരഞ്ഞെടുക്കാം'. 14ാം വയസ്സില്‍ വിവാഹം അനുവദിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ അമേരിക്കയിലുണ്ട്. ബ്രിട്ടനിലും കാനഡയിലും ഒരാള്‍ക്ക് 16 വയസ്സായാല്‍ വിവാഹം കഴിക്കാം- ഉവൈസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News