ദലിത് യുവാവിനെ വിവാഹം കഴിച്ച ബിജെപി എംഎല്‍എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി
ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പൂര്‍ എം.എല്‍.എയായ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷിയേയും മരുമകന്‍ അജിതേഷ്‌കുമാറിനെയുമാണ് തോക്ക് ചൂണ്ടി അജ്ഞാത സംഘം കാറില്‍ക്കയറ്റിക്കൊണ്ടുപോയത്.
ബറേലി: ദലിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ഭീഷണി നേരിടുന്ന ബിജെപി എംഎല്‍എയുടെ മകളേയും ഭര്‍ത്താവിനേയും തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പൂര്‍ എം.എല്‍.എയായ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷിയേയും മരുമകന്‍ അജിതേഷ്‌കുമാറിനെയുമാണ് തോക്ക് ചൂണ്ടി അജ്ഞാത സംഘം കാറില്‍ക്കയറ്റിക്കൊണ്ടുപോയത്. ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതിക്ക് സമീപമാണ് സംഭവം.
സുരക്ഷ തേടി ഇരുവരും ഇന്ന് അലഹബാദ് കോടതിയിലെത്തിയിരുന്നു. എന്നാല്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തി തോക്കുകാണിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ആഗ്ര ജില്ല രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിലാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മിശ്രയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ നല്‍കിയ ഹരജി പരിഗണിച്ച ഹൈകോടതി പൊലിസ് സുരക്ഷ നല്‍കാനും ഉത്തരവിട്ടിരുന്നു.
ഇരുവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും പൊലിസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. താന്‍ ദളിത് യുവാവിനെ വിവാഹം ചെയ്തതിനാല്‍ പിതാവില്‍ നിന്ന് വധഭീഷണിയുണ്ടെന്നും തനിക്കോ അജിതേഷിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ അച്ഛനും സഹായികളായ ഭര്‍ത്തോള്‍, രാജീവ് റാണ എന്നിവരാണെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ സാക്ഷി പറഞ്ഞിരുന്നു. അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.