ഇസ്രായേല്‍ ജയിലുകളിലെ ഭയാനക പീഡനമുറകള്‍ വെളിപ്പെടുത്തി ഫലസ്തീനി പെണ്‍കുട്ടി

സയണിസ്റ്റ് കാരാഗൃഹങ്ങളില്‍ താന്‍ അനുഭവിച്ച രക്തമുറയുന്ന പീഡനങ്ങളെക്കുറിച്ച് ഫലസ്തീനി പെണ്‍കുട്ടി മെയ്‌സ് അബു ഘോഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

Update: 2021-07-03 17:29 GMT

വെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ തടവറകളില്‍ ഫലസ്തീനികള്‍ക്കെതിരേ അരങ്ങേറുന്ന കൊടിയ പീഡനങ്ങള്‍ ആരിലും നടുക്കമുളവാക്കുന്നതാണ്. ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍വിവരങ്ങള്‍ നിരവധി തവണ പുറത്തുവന്നതുമാണ്. സയണിസ്റ്റ് കാരാഗൃഹങ്ങളില്‍ താന്‍ അനുഭവിച്ച രക്തമുറയുന്ന പീഡനങ്ങളെക്കുറിച്ച് ഫലസ്തീനി പെണ്‍കുട്ടി മെയ്‌സ് അബു ഘോഷ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

സൈന്യത്തിന്റെ ചോദ്യം ചെയ്യല്‍ സെല്ലിലേക്ക് മെയ്‌സ് അബു ഘോഷ് എന്ന ഫലസ്തീന്‍ പെണ്‍കുട്ടിയെ ജയിലര്‍മാര്‍ കയ്യാമം വച്ച് കൊണ്ടുപോവുമ്പോള്‍ നീണ്ട ഇടനാഴിയില്‍ നിന്നിരുന്ന ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്റുമാര്‍ പരിഹാസത്തോടെ കൈകൊട്ടി ചിരിക്കുകയും അശ്ലീല കമന്റുകള്‍ നടത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ താന്‍ മരിക്കുമല്ലോ എന്നായിരുന്നു അവരില്‍ ചിലരുടെ പരിഹാസമെന്നും മെയ്‌സ് അനഡോലു ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നു.

ആര്‍ത്തവനാളില്‍ കൈകളും കണങ്കാലുകളും കസേരയില്‍ ബന്ധിച്ചു. ഉറങ്ങാന്‍ പോലുമനുവദിക്കാതെ മണിക്കൂറുകളോളം വാഴപ്പഴത്തിന്റെ ആകൃതിയില്‍ ശരീരത്തെ ബന്ധിച്ച് ഉറക്കം അസാധ്യമാക്കിയെന്നും മെയ്‌സ് വെളിപ്പെടുത്തി. ഒരടി പോലും വയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്ന തന്നെ ജയിലര്‍മാര്‍ ബലമായി സെല്ലിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും മെയ്‌സ് പറഞ്ഞു.

ചങ്ങലയില്‍ ബന്ധിച്ചത് കാരണം കൈകളില്‍ നിരന്തരം രക്തസ്രാവമുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു സൈനിക ചോദ്യം ചെയ്യലിന് വിധേയയാകാന്‍ വിസമ്മതിച്ചതിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വാരിയെടുത്ത് മതിലിന് നേരെ ആഞ്ഞെറിയുകയായിരുന്നുവെന്നും മെയ്‌സ് നടുക്കത്തോടെ ഓര്‍ക്കുന്നു.

'ലോകത്തിലെ ഏതൊരു സ്ത്രീക്കും ഈ അതിലോലമായ ആ കാലഘട്ടത്തില്‍ ആവശ്യമായ പാഡുകളോ അടിവസ്ത്രങ്ങളോ തനിക്ക് നല്‍കാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും മെയ്‌സ് തുടര്‍ന്നു. 33 ദിവസത്തെ ആ കൊടിയ പീഡനങ്ങളില്‍ 12 കിലോഗ്രാം തൂക്കമാണ് മെയ്‌സിന് നഷ്ടപ്പെട്ടത്.

ഖലാന്‍ഡിയ അഭയാര്‍ഥിക്യാമ്പിലെ 24 കാരിയായ ഗോഷ്, 2019 ഓഗസ്റ്റ് 29ന് അറസ്റ്റിലാവുമ്പോള്‍ ബിര്‍സിറ്റ് സര്‍വകലാശാലയിലെ മാധ്യമ വിദ്യാര്‍ഥിയായിരുന്നു. തുടര്‍ന്ന് കുപ്രസിദ്ധമായ അല്‍ മസ്‌കോബിയ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലെത്തിച്ചായിരുന്നു മാനസിക, ശാരീരിക പീഡനങ്ങള്‍ നടത്തിയത്. 33 ദിവസം ഏകാന്തതടവില്‍ വച്ചായിരുന്നു ഈ അതിക്രമം മുഴുവനും.

ക്രൂരമായ ആക്രമണങ്ങളില്‍ ശരീരത്തില്‍ പലയിടത്തും മുറിവേറ്റു. രക്തം വാര്‍ന്നൊഴുകി. എന്നാല്‍, 'താന്‍ ഭ്രാന്തിയാണെന്നും തന്നെത്തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും എന്നെ ബോധ്യപ്പെടുത്താനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. അതിനാല്‍ അവര്‍ സാമൂഹ്യ പ്രവര്‍ത്തകരെ കൊണ്ടുവന്നു, പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ മറ്റ് ഉദ്യോഗസ്ഥരായിരുന്നുവെന്നും മെയ്‌സ് വിവരിച്ചു.

ക്രൂര പീഡനങ്ങളില്‍ മുറിവേറ്റ തലയിലെയും പേശികളിലെയും വേദന ശമിപ്പിക്കാന്‍ വേദന സംഹാരികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവയൊക്കെയും നിഷേധിക്കപ്പെട്ടെന്നും അവര്‍ പറഞ്ഞു.

ചോദ്യം ചെയ്യല്‍ സെഷനുകളില്‍, സൈനിക ചോദ്യം ചെയ്യലില്‍ ശാരീരിക പീഡനത്തിന് വിധേയരായ തടവുകാരുടെ നിലവിളി കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ബലമായി ശ്രമം നടത്തിയിരുന്നുവെന്നും ഇതിനേക്കാള്‍ കൂടുതല്‍ പീഡനം ഏല്‍ക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി.'ഞാന്‍ ഇവിടെ മരിക്കുകയോ തളര്‍വാതം ബാധിക്കുകയോ ചെയ്യുമെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തി, നിരന്തരം ബലാല്‍സംഗ ഭീഷണിയും അധിനിവേശ സൈനികര്‍ മുഴക്കിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News