കോഴിക്കോട് ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ആര്‍എസ്എസ് ആക്രമണം, അക്രമിസംഘത്തിലെ ഒരാള്‍ കസ്റ്റഡിയില്‍

മേപ്പയൂര്‍ സ്വദേശി പ്രണവ് ഹൗസില്‍ നാരായണന്റെ മകന്‍ പ്രസൂണിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

Update: 2022-05-08 14:27 GMT

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ക്കു മര്‍ദ്ദനം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്. മര്‍ദനമേറ്റ നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. അക്രമികളിലൊരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. മേപ്പയൂര്‍ സ്വദേശി പ്രണവ് ഹൗസില്‍ നാരായണന്റെ മകന്‍ പ്രസൂണിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സജീവ ആര്‍എസ്എസ്സ് പ്രവര്‍ത്തകനാണ്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടായിരുന്നു. കടയിലെത്തിയ രണ്ടുപേര്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൂടുതല്‍ പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ആക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

മര്‍ദനത്തെ തുടര്‍ന്ന് വ്യാപാരികളുടെയും എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകളും പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമി സംഘത്തിലെ മുഴുവന്‍ പേരെയും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം

Tags:    

Similar News