ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.

Update: 2019-06-18 01:47 GMT

കൊച്ചി: ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് വിട്ടത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി അഭിഭാഷകനായ വിജയ് അന്‍സാരിയാണ് സര്‍ക്കാരിനായി ഹാജരാകുന്നത്.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. എന്നാല്‍, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയായതാണെന്നും ഗൂഡാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും കേന്ദ്ര ഏജന്‍സി വേണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് എടയന്നൂര്‍ തെരൂരില്‍ വെട്ടിക്കൊലപ്പെടുത്തിയത്. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഷുഹൈബിന്റെ മാതാപിതാക്കളായ സി പി മുഹമ്മദ്, എസ് പി റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, പോലിസിനെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളാണു നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആവര്‍ത്തിച്ചു നിലപാടെടുത്തിരുന്നു.

Tags:    

Similar News