പ്രിയാ വര്‍ഗീസിന്റെ നിയമനം: റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Update: 2023-06-22 05:42 GMT
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോഷ്യേറ്റ് പ്രഫസര്‍ തസ്തികയില്‍ നിയമനം നല്‍കിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രിയാ വര്‍ഗീസ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. യുജിസി മാനദണ്ഡമനുസരിച്ച് അസോഷ്യേറ്റ് പ്രഫസര്‍ നിയമനത്തിന് അസി. പ്രഫസര്‍ തസ്തികയില്‍ എട്ടുവര്‍ഷത്തെ അധ്യാപനപരിചയം ആവശ്യമാണ്. അത് പ്രിയാ വര്‍ഗീസിന് ഇല്ലെന്നായിരുന്നു സിംഗിള്‍ബെഞ്ച് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പ്രിയാ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നേരത്തേ സിംഗിള്‍ ബെഞ്ച് വിധി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. പ്രിയാ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് നിരീക്ഷിച്ചാണ് നിയമനം റദ്ദാക്കിയിരുന്നത്.
Tags: