കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ പരക്കം പാച്ചില്‍ ; കൂച്ചുവിലങ്ങിട്ട് ഹൈക്കോടതിയും പോലിസും

കൊച്ചി നഗര പരിധിയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.നിര്‍ദ്ദേശങ്ങള്‍ ഓട്ടോറിക്ഷകള്‍ക്കും ബാധകമാണെന്നും കോടതി

Update: 2022-06-01 14:35 GMT

കൊച്ചി:കൊച്ചി നഗരത്തില്‍ സ്വകാര്യബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നതിനു പിന്നാലെ ഉത്തരവ് പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലിസ്.കൊച്ചി നഗര പരിധിയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കണമെന്നും ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടത് വശം ചേര്‍ന്ന് പോകണമെന്നും കൊച്ചി നഗര പരിധിയില്‍ ഓവര്‍ ടേക്കിംഗ് പാടില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ ഓട്ടോറിക്ഷകള്‍ക്കും ബാധകമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം കൊച്ചി നഗര പരിധിയില്‍ സ്വകാര്യ ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ബാധകമാക്കി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.ഹൈക്കോടതിയുടെ ഉത്തര് ലംഘിച്ച് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിന് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. നിയമ ലംഘകര്‍ക്കെതിരെ ലൈസന്‍സ്,പെര്‍മിറ്റ് അടക്കം റദ്ദാക്കുന്നതിനും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Tags:    

Similar News