സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായം; 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതിയും അറസ്റ്റില്‍

മരുതാമല റാണി ഭവനില്‍ കവിത (34)യാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ രാജേഷിനെ സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായിച്ചെന്ന് കണ്ടെത്തിയതിനുപിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Update: 2020-08-08 11:20 GMT

തിരുവനന്തപുരം: മരുതാമല അടിപറമ്പിലെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ സഹായിച്ച വീട്ടമ്മയും അറസ്റ്റില്‍. മരുതാമല റാണി ഭവനില്‍ കവിത (34)യാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ രാജേഷിനെ സ്വന്തം വീട്ടില്‍ മോഷണം നടത്താന്‍ സഹായിച്ചെന്ന് കണ്ടെത്തിയതിനുപിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിലെ തറയോടിനടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണമാണ് യുവതിയുടെ സഹായത്തോടെ രാജേഷ് മോഷ്ടിച്ചത്.

കഴിഞ്ഞ ശനിയാഴ്ച കവിതയും ഭര്‍ത്താവും ഉച്ചയ്ക്ക് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം. കവിതയുമായി ഫോണ്‍ വഴി സൗഹൃദം സ്ഥാപിച്ച രാജേഷ് ഇവരില്‍ നിന്ന് പലതവണ പണം കൈക്കലാക്കിയിരുന്നു. ഇതിനിടെ, പുതിയ വാഹനം വാങ്ങാന്‍ 10 ലക്ഷം രൂപ കവിതയോട് ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഭര്‍ത്താവിനോട് വിവരങ്ങള്‍ പറയുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കവിത വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്റെ വിവരം രാജേഷിനോട് വെളിപ്പെടുത്തുകയും ശനിയാഴ്ച ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് രാജേഷിന് വീട്ടിലേക്ക് കയറാനായി ഇവര്‍ വീടിന്റെ പിന്‍വാതില്‍ തുറന്നിടുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ രാജേഷ് അറയില്‍ സൂക്ഷിച്ച സ്വര്‍ണം

കവരുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി പരിസരത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറി. കഴിഞ്ഞ ദിവസമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് സിഐ എസ് ശ്രീജിത്ത്, എസ്‌ഐ എസ്എല്‍ സുധീഷ്, സിപിഒമാരായ സൈനികുമാരി, ഗായത്രി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കവിതയെ അറസ്റ്റ് ചെയ്തത്.


Tags: