ഒരു തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകനെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലിസ് ഹൈക്കോടതിയില്‍

കൊവിഡ് 19 പരിശോധയില്‍ നെഗറ്റീവ് ആയിട്ടും മാര്‍ച്ച് 30 മുതല്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഡല്‍ഹി പോലിസിന്റെയും ആം ആദ്മി സര്‍ക്കാറിന്റെയും പ്രതികരണം തേടി.

Update: 2020-05-27 18:10 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക് ഡൗണിനിടെ നിസാമുദ്ദീന്‍ മര്‍കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തതിന് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരേ എടുത്ത കേസില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പോലിസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

കൊവിഡ് 19 പരിശോധയില്‍ നെഗറ്റീവ് ആയിട്ടും മാര്‍ച്ച് 30 മുതല്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഡല്‍ഹി പോലിസിന്റെയും ആം ആദ്മി സര്‍ക്കാറിന്റെയും പ്രതികരണം തേടി.

തുടര്‍ച്ചയായി തടങ്കലില്‍ പാര്‍പ്പിക്കുന്നത് സ്വാതന്ത്ര്യമെന്ന അടിസ്ഥാന ഘടകത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി 916 വിദേശികളില്‍ 20 പേര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ജസ്റ്റിസുമാരായ വിപിന്‍ സംഘി, രജനിഷ് ഭട്‌നഗര്‍ എന്നിവരടങ്ങിയ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് വാദം കേട്ടത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍(ക്രിമിനല്‍) രാഹുല്‍ മെഹ്റയും അഭിഭാഷകന്‍ ചൈതന്യ ഗോസെയ്‌നും പറഞ്ഞു.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ എല്ലാ വിദേശ പൗരന്‍മാരെയും നിര്‍ബന്ധിത ക്വാറന്റൈയ്‌നില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റെബേക്ക ജോണും അഷിമ മണ്ട്‌ലയും ആവശ്യപ്പെട്ടു. 

Tags:    

Similar News