ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസിന് ശുദ്ധിപത്രം: ആഭ്യന്തര സമിതി റിപോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു.

Update: 2019-05-07 14:26 GMT

ന്യൂഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് ശുദ്ധിപത്രം നല്‍കിയ സുപ്രിം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പരാതിക്കാരി ആഭ്യന്തര അന്വേഷണ സമിതിക്ക് കത്തെഴുതി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് അവര്‍ പറഞ്ഞു.

തനിക്കും പൊതുജനങ്ങള്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാതിരിക്കാനുള്ള തരത്തിലാണ് സമിതയുടെ നടപടികളെന്ന് അവര്‍ ആരോപിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിഷേധിക്കുന്നത് ന്യായത്തെ പരിഹസിക്കലാണ്. നിലവിലുള്ള തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും സുപ്രിം കോടതിയിലെ മുന്‍ജീവനക്കാരിയായ അവര്‍ വ്യക്തമാക്കി.

സുപ്രിം കോടതി ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ആഭ്യന്തര സമിതിയാണ് പരാതി അന്വേഷിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും ഇന്ദു മല്‍ഹോത്രയുമായിരുന്നു സമിതിയിലെ അംഗങ്ങള്‍. പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സമിതി കണ്ടെത്തുകയായിരുന്നു. ഒക്ടോബര്‍ മാസം രണ്ടുദിവസങ്ങളില്‍ ഗരഞ്ജന്‍ ഗൊഗോയ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടെന്നും കാണിച്ച് ഏപ്രില്‍ 19നാണ് പരാതിക്കാരി സുപ്രീം കോടതിയിലെ 22 ജസ്റ്റിസുമാര്‍ക്ക് കത്തയച്ചത്.

Tags:    

Similar News