ഹരിയാന: ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി

Update: 2019-10-25 18:29 GMT

ചണ്ഡീഗഡ്: ഹരിയാനയില്‍ ജന്‍നായക് ജനതാ പാര്‍ട്ടിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി. ദുഷ്യന്ത് ചൗത്താലയുടെ ജെജെപിക്ക് ഉപമുഖ്യമന്ത്രി പദവിയും ബിജെപിക്കു മുഖ്യമന്ത്രി പദവിയും നല്‍കാന്‍ ധാരണയായതായി ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ അമിത് ഷാ അറിയിച്ചു. ശനിയാഴ്ച തന്നെ ബിജെപി-ജെജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കും. ഹരിയാനയ്ക്ക് സ്ഥിരതയാര്‍ന്ന സര്‍ക്കാരിനെ നല്‍കാനാണ് ബിജെപിയും ജെജെപിയും കൈകോര്‍കക്കുന്നതെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗത്താല പറഞ്ഞു. സഖ്യകക്ഷികളില്ലാതെ ഭരിക്കാമെന്നു കരുതിയ ഹരിയാനയില്‍ ആകെയുള്ള 90 സീറ്റുകളില്‍ ബിജെപി 40 സീറ്റുകളാണു ലഭിച്ചത്. ഇതോടെ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 46 തികയ്ക്കാനാവാതെ പരുങ്ങലിലായതോടെയാണ് ഭരണം പിടിക്കാന്‍ 10 സീറ്റുകളുള്ള ജെജെപിയുടെ പിന്തുണ തേടിയത്. ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുടെ പിന്തുണ നിര്‍ണായകമായതോടെ, തന്നെ മുഖ്യമന്ത്രിയാക്കുന്നവരെ പിന്തുണയ്ക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. തുടര്‍ന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ധാരണയിലെത്തിയത്.




Tags:    

Similar News