കര്‍ഷകര്‍ക്കു നേരെ ഹരിയാന അതിര്‍ത്തിയില്‍ പോലിസ് ആക്രമണം; യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു

Update: 2024-02-21 13:59 GMT
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനു നേരെ ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ പോലിസ് നടത്തിയ ആക്രമണത്തില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പോലിസ് കണ്ണീര്‍ വാതക ഷെല്‍ ആക്രമണത്തില്‍ തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ശുഭ് കരണ്‍ സിങ്(24) ആണ് മരണപ്പെട്ടത്. പോലിസ് അതിക്രമത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പാട്യാലയിലെ ഗവ. രജീന്ദ്ര ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്. ഭാരതി കിസാന്‍ യൂനിയന്‍(സിധുപൂര്‍) നേതാവ് കാക്ക സിങ് കോട്ഡയും ശുഭ് കരണിന്റെ മരണം സ്ഥിരീകരിച്ചു.

ഇതോടെ രണ്ടാം കര്‍ഷക പ്രക്ഷോഭത്തില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെ ഒരു മുതിര്‍ന്ന കര്‍ഷകര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലിസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ്

ഹരിയാന പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ആക്രമണത്തില്‍ 160ഓളം കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഖനൗരി അതിര്‍ത്തിയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ 12 ഹരിയാന പോലിസുകാര്‍ക്ക് പരിക്കേറ്റതായി ജിന്ദ് പോലിസ് സൂപ്രണ്ട് സുമിത് കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശംഭുവിലും ഖനൗരിയിലും 2,000ത്തോളം പഞ്ചാബ് പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. വിളകള്‍ക്ക് മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. സര്‍ക്കാരുമായി നടത്തിയ നാലാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

Tags:    

Similar News